വനമേഖലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ സര്‍ക്കാറിന് സാധ്യമായതെല്ലാം ചെയ്യും.

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ബഹു.മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ പഠനം നടത്തി ഒരു കരട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പരിശോധിച്ചു വരികയാണ്. ഇതിലേക്ക് ജനപ്രതിനിധികള്‍, കര്‍ഷകര്‍, ഗവേഷകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിക്കുകയുമുണ്ടായി.

ഇതുവരെ ഒമ്പത് ജില്ലകളില്‍ വനമേഖലയിലെ എം.എല്‍.എമാരുടെ യോഗം വിളിച്ചു ചേര്‍ത്ത് അതത് പ്രദേശത്തെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. നിര്‍ജീവമായിരുന്ന ജനജാഗ്രത സമിതികളെ കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ 246 ജനജാഗ്രതാ സമിതികളാണ് പ്രവര്‍ത്തിച്ചു വരുന്നത്. ദ്രുതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം വിപുലീകരിച്ചിട്ടുമുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അതത് പ്രദേശത്തെ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നുണ്ട്.വന്യജീവി ആക്രമണം മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് വിവിധ സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം നഷ്ടപരിഹാരം നല്‍കി വരുന്നുണ്ട്. നഷ്ട പരിഹാരതുക അപര്യാപ്തമാണ് എന്നത് ബോധ്യമുണ്ട്. ആയത് പരിഷ്‌ക്കരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.പ്രശ്‌നക്കാരായ ആനകളെ റേഡിയോ കോളര്‍ ഘടിപ്പിച്ച് സഞ്ചാരം പഥം നിരീക്ഷിച്ച് വനാതിര്‍ത്തിയിലെ താമസക്കാര്‍ക്ക് മുന്നറിയിപ്പ് കൊടുക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വന മേഖലയുമായി ബന്ധപ്പെട്ട വന്യജീവി ആക്രമണം സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രമേയത്തിന് ഇന്ന് സഭയില്‍ വിശദീകരണം നല്‍കി.