460 beet forest officers added to the forest department

വനം വകുപ്പിലേക്ക് 460 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ കൂടി

ഗോത്ര സമൂഹത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ വനം വന്യജീവി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. തൃശ്ശൂര്‍ കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 460 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു. കാടിനെ അറിയാനും കാടിനെ രക്ഷിക്കാനും മറ്റാരെക്കാളും അറിവും അനുഭവസമ്പത്തുമുള്ളവരാണ് വനമേഖലയിലെ വനാശ്രിത ജനവിഭാഗങ്ങള്‍. ആനുകാലിക സാഹചര്യത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മാരായി വനത്തെ ആശ്രയിച്ച് കഴിയുന്ന സമൂഹത്തില്‍പ്പെട്ടവരെ നിയമിക്കുന്നത് വനം വന്യജീവി വകുപ്പിന് മുതല്‍ക്കൂട്ടാവും.

പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരും വനം-വന്യജീവി മേഖലകളില്‍ മനുഷ്യരുമായി സംഘര്‍ഷമുണ്ടാകുമ്പോള്‍ സമചിത്തതയോടുകൂടി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണം. വര്‍ദ്ധിച്ചുവരുന്ന മലയോര മേഖലകളിലെ വന്യജീവി അക്രമണങ്ങളില്‍ വനം വകുപ്പ് ജനങ്ങളോടൊപ്പം നിന്ന് പ്രശ്ങ്ങള്‍ പരിഹരിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമത്തിലാണ്.

കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 460 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് തൃശ്ശൂര്‍ പോലീസ് അക്കാദമി മുഖ്യ പരേഡ് ഗ്രൗണ്ടില്‍ നടന്നു. ചടങ്ങില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുത്ത് കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. പട്ടികജാതി-പട്ടികവര്ഗ പിന്നോക്ക വിഭാഗ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിലായിരുന്നു പ്രൗഡഗംഭീരമായ ചടങ്ങു നടന്നത്. പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച പരിശീലനാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ ട്രോഫികള്‍ നല്‍കി. വി.ആര്‍ അമ്പിളി ബെസ്റ്റ് ഇന്‌ഡോര്‍ പെര്‍ഫോര്‍മറായും, വി.കെ ലിനീഷ് ബെസ്റ്റ് ഔട്ട് ഡോര്‍ പെര്‍ഫോര്‍മറായും കെ.ആര്‍ രാഹുല്‍ ബെസ്റ്റ് ഓള്‍റൗണ്ടറായും തെരഞ്ഞെടുക്കപ്പെട്ടു.

2023 ഏപ്രില്‍ പതിനേഴിനാണ് കേരള പോലീസ് അക്കാദമിയില്‍ ഇവരുടെ അടിസ്ഥാന പരിശീലനത്തിന് തുടക്കം കുറിച്ചത്. 9 മാസം നീണ്ടുനിന്ന പരീശീലന കാലയളവില്‍ മൂന്നുമാസത്തെ പോലീസ് പരിശീലനത്തില്‍ ഐപിസി, സിആര്‍പിസി തുടങ്ങിയ നിയമങ്ങളും, പരേഡ്, ആയുധ പരീശീലനം എന്നിവയും ലഭിച്ചിട്ടുണ്ട്. ആറുമാസത്തെ ഫോറസ്ട്രി പരിശീലനത്തില്‍ വന നിയമങ്ങള്‍, ഫോറസ്റ്റ് മാനേജ്‌മെന്റ് തുടങ്ങിയ 14 വിഷയങ്ങളും, നൂതന സാങ്കേതിക വിദ്യകളായ ഡ്രോണ്‍ സര്‍വൈലന്‍സ്, ടോട്ടല്‍ സ്റ്റേഷന്‍, സ്‌നേക് റെസ്‌ക്യു, വിവിധ മനുഷ്യ-വന്യജീവി സംഘര്‍ഷ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയിലും പരിശീലനം നല്‍കിയിട്ടുണ്ട്. കൂടാതെ കേരള ഫയര്‍ അക്കാദമിയുടെ ജംഗിള്‍ സര്‍വൈവല്‍, ദുരന്ത നിവാരണം എന്നിവയുടെ പരിശീലനവും നല്‍കിയിട്ടുണ്ട്. പോലീസ് അക്കാദമിയിലെ പരിശീലന കാലയളവില്‍ ഇന്‍ഡോര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ പീനല്‍ കോഡ്, ക്രിമിനല്‍ നടപടിക്രമം, ഇന്ത്യന്‍ തെളിവ് നിയമം എന്നിവയിലും മറ്റ് പ്രാദേശിക നിയമങ്ങളിലും ക്ലാസുകള്‍ നല്‍കി. ഔട്ട്‌ഡോര്‍ വിഭാഗത്തില്‍ പരേഡ്, ശാരീരിക ക്ഷമതാ പരിശീലനം എന്നിവയ്ക്ക് പുറമേ നീന്തല്‍, യോഗ, കമ്പ്യൂട്ടര്‍ പരിശീലനവും ആയുധ പരിശീലനവും ഫയറിംഗ് പരിശീലനവും നല്‍കി.

ആദിവാസി വിഭാഗത്തിലുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക, വനത്തെ ആശ്രയിച്ച് കഴിയുന്ന ഗോത്ര സമൂഹത്തില്‍പ്പെട്ടവരെ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമിച്ച് അവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നിര്‍ത്തിയാണ് സര്‍ക്കാര്‍ പുതുതായി 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തിക സൃഷ്ടിച്ചത്. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തിയ എഴുത്തു പരീക്ഷയും, കായികക്ഷമതാ പരീക്ഷയും വിജയിച്ച് നിയമനം നേടിയ 481 പേരില്‍ 3 മമാസക്കാലത്തെ പോലീസ് പരിശീലനവും, 6 മാസക്കാലത്തെ ഫോറസ്ട്രി പരിശീലനവും പൂര്ത്തിയാക്കിയ 460 പേരാണ് പാസിംഗ് ഔട്ട് പരേഡില്‍ സത്യപ്രതിജ്ഞ ചെയ്ത് വനംവകുപ്പിന്റെ ഭാഗമായത്. വാളയാര്‍ സ്റ്റേറ്റ് ഫോറസ്സ് ട്രെയ്‌നിംഗ് ഇന്സ്റ്റിറ്റിയൂട്ടില്‍ എന്റോള്‍ ചെയ്ത 123-ാമത് ബാച്ചിലെ 238 പേരും, അരിപ്പ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റൂട്ടില്‍ എന്റോള്‍ ചെയ്തിട്ടുള്ള 87-ാമത് ബാച്ചിലെ 222 പേരും ഉള്‍പ്പെടെ ആകെ 460 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരാണ് പരിശീലനം പൂര്ത്തിയാക്കി സേനയുടെ ഭാഗമായത്. 372 പുരുഷന്മാരും 88 വനിതകളും ഇതില്‍ ഉള്‍പ്പെടുന്നു. തിരുവനന്തപുരം- 18, പത്തനംതിട്ട- 10, കൊല്ലം- 10, കോട്ടയം- 21, ഇടുക്കി- 35, എറണാകുളം- 12, തൃശൂര്‍- 9, പാലക്കാട്- 57, മലപ്പുറം- 28, കോഴിക്കോട്- 16, കണ്ണൂര്‍- 44, വയനാട്- 161, കാസര്‍കോട്- 39 എന്നിങ്ങനെയാണിത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരില്‍ 6 എംഫില്‍ ഉല്‍പ്പെടെയുള്ള ബിരുദമുള്ളവരും 3 ബിടെക്കുകാരും ഓരേ എംബിഎ, എംസിഎക്കാരും 104 ബിരുദധാരികളും 222 പ്ലസ്ടുക്കാരും 9 ഡിപ്ലോമാക്കാരും 6 ഐടിഐക്കാരും 82 എസ്എസ്എല്‍സിക്കാരും ഉള്‍പ്പെടുന്നു. പരിശീലനാര്‍ത്ഥികളുടെ ബന്ധുമിത്രാദികളും ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു.