Rajampara inaugurated the Model Forest Station building and dormitory

റാന്നി വനം ഡിവിഷനിൽ പുതിയതായി നിർമിച്ച രാജാംപാറ മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടത്തിന്റെയും ഡോർമറ്ററിയുടെയും ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായുള്ള നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
റാന്നിയിൽ അടുത്തിടെ കടുവയുടെ സാന്നിധ്യം ഉണ്ടായ പ്രദേശങ്ങളിൽ 24 മണിക്കൂറും പരിശോധന നടത്തുന്നതിനും ജനങ്ങളുടെ ഭീതി അകറ്റുവാനും വനംവകുപ്പിന്റെ 25 അംഗങ്ങൾ അടങ്ങുന്ന സ്‌പെഷ്യൽ സ്‌ക്വാഡിനെ സജ്ജമാക്കിയിട്ടുണ്ട്. കടുവയെ കണ്ടെത്തുന്നതിനായി ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടന്നു വരുന്നു. കൂടും ഒരുക്കിയിട്ടുണ്ട്. ജനങ്ങളൊടൊപ്പം ചേർന്ന് സ്‌ക്വാഡ് പ്രവർത്തിക്കും.
ജനങ്ങളുടെ ജീവനോടൊപ്പം അവരുടെ കൃഷിയിടങ്ങൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കൂടി വനംവകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ നടന്നു വരുന്നു. ജനങ്ങൾക്ക് അവരുടെ പരാതികൾ മന്ത്രിമാരോട് നേരിട്ട് പറയുന്നതിനായി സംസ്ഥാനത്തിന്റെ 21 മേഖലകളിലായി കാടിനെ കാക്കാം നാടിനെ കേൾക്കാം എന്ന സന്ദേശവുമായി വന സൗഹൃദ സദസ്സ്് നടത്തി. ഇതിൽ പ്രധാനമായും തീരുമാനിച്ച കാര്യമാണ് വനം വകുപ്പിനെ കൂടുതൽ ജനസൗഹാർദമായി മാറ്റിയെടുക്കുക എന്നത്. ജനങ്ങളുടെ പരാതികൾ സഹായാനുഭൂതിയോടെ കേട്ട് ഉദ്യോഗസ്ഥർ പ്രവർത്തിക്കണം.
വനംവകുപ്പ് 24 മണിക്കൂറും ഒരു ദ്രുതകർമ സേനയെ പോലെ പ്രവർത്തിക്കേണ്ട വകുപ്പാണ്. ജനങ്ങൾക്ക് മികച്ച സേവനം നൽകുമ്പോൾ ഉദ്യോഗസ്ഥർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കൊടുക്കുക എന്ന ബാധ്യത സർക്കാരിനുണ്ട്. ഇതിന്റെ ഭാഗമായാണ് ഫോറസ്റ്റ് സ്റ്റേഷനുകൾ നവീകരിക്കുന്നത്. റാന്നിയിലെ ആകെയുള്ള ഒൻപത് സ്റ്റേഷനുകളിൽ ആറെണ്ണം നവീകരിച്ചു. ബാക്കിയുള്ളവയുടെ നവീകരണം ഒരു വർഷത്തിനകം പൂർത്തിയാക്കും. വന്യജീവി ആക്രമണത്തിൽ നാശനഷ്ടമുണ്ടായ കർഷകർക്ക് ചടങ്ങിൽ നഷ്ടപരിഹാരം വിതരണം ചെയ്തു.