Prevention of manjakonna- Tender process in final stage

വയനാട് വൈൽഡ് ലൈഫ് ഡിവിഷനിൽ 12300 ഹെക്ടർ വനഭൂമിയിൽ മഞ്ഞക്കൊന്ന വ്യാപിച്ചു കിടക്കുന്നതായി കണക്കാക്കിയിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ 1086 ഹെക്ടർ വനഭൂമിയിലെ മഞ്ഞക്കൊന്ന നശിപ്പിക്കാൻ നടപടി ആരംഭിച്ചു. 2.27 കോടി രൂപയാണ് ഇതിനായുള്ള ടെൻഡർ തുക നിശ്ചയിച്ചിട്ടുള്ളത്. ടെൻഡറുകൾ ഈ മാസം തന്നെ അന്തിമമാക്കി ഉടൻ തന്നെ ജോലി ആരംഭിക്കും.
നെഞ്ച് ഉയരത്തിൽ 10 സെന്റി മീറ്ററിന് മുകളിൽ [DBH (Diametrical Breast Height)] വണ്ണം ഉള്ള മഞ്ഞക്കൊന്ന മരങ്ങളുടെ പുറം തൊലി നീക്കം ചെയ്തുകൊണ്ട് (Debarking) അവ ഉണക്കി കളയുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുക. 10 സെന്റി മീറ്ററിൽ താഴെ വണ്ണം ഉള്ള തൈകൾ വേരോടെ പിഴുതു മാറ്റുകയാണ് ചെയ്യുക. ഡിബാർക്കിംഗ് നടത്തുന്നതിനുള്ള 3 വർക്കുകൾക്കാണ് ഇപ്പോൾ ടെൻഡർ വിളിച്ചിട്ടുള്ളത്. അതായത് 330 ഹെക്ടർ സ്ഥലത്തിന് 69 ലക്ഷം രൂപ, 260 ഹെക്ടറിന് 25 ലക്ഷം രൂപ, 196 ഹെക്ടറിന് 19 ലക്ഷം രൂപ എന്നിങ്ങനെ ആകെ 756 ഹെക്ടറിന് 1.13 കോടി രൂപയുടെ പദ്ധതിയാണ് ഉൾപ്പെടുന്നത്. ഈ ടെൻഡറുകളുടെ അവസാന തീയതി 20.01.2023 ആണ്. 23.01.2023-ന് ടെൻഡർ ഓപ്പൺ ചെയ്യും. 300 ഹെക്ടറിനുള്ള മറ്റൊരു വർക്ക് 17.01.2023 ടെൻഡർ ചെയ്തിട്ടുണ്ട്. 28.01.2023-ന് ടെൻഡർ ഓപ്പൺ ചെയ്യും. ഈ വർക്കിന്റെ തുക 1.14 കോടി രൂപയാണ്. ഇവിടെ മഞ്ഞക്കൊന്നയുടെ ബാഹുല്യം/സാന്ദ്രത കൂടുതലായതുകൊണ്ടാണ് തുകയിൽ വർദ്ധനവ് വന്നിട്ടുള്ളത്. നോർത്ത് വയനാട് ഡിവിഷനിൽ 50 ഹെക്ടറോളം സ്ഥലത്ത് മാത്രമാണ് ഇത് കണ്ടിട്ടുള്ളത്.

ഡിബാർക്കിംഗ് പ്രവർത്തികൾ ടെൻഡർ കഴിഞ്ഞാൽ ഉടൻ ആരംഭിക്കും. എന്നാൽ 10 സെന്റി മീറ്ററിൽ താഴെ വണ്ണമുള്ള തൈകൾ മഴക്കാലത്തോടെ മാത്രമെ പിഴുത് മാറ്റാൻ കഴിയുകയുള്ളൂ. വേരുകൾ പൊട്ടിപ്പോകാതിരിക്കാനാണ് ഈ പ്രവർത്തി മഴക്കാലത്ത് നടത്തുന്നത്. വേരുകൾ പൊട്ടിപ്പോകുന്ന പക്ഷം അതിൽ നിന്നും വീണ്ടും തൈകൾ കിളിർത്ത് വരും. ഇതൊഴിവാക്കിക്കൊണ്ടാണ് പ്രവർത്തി നടത്തുക. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ മേൽനോട്ടവും ഈ പ്രവർത്തികൾക്ക് ഉണ്ടാകും.