5.31 crore project to remove Manjakonn- Invasive plants started

വയനാട് വൈൽഡ് ലൈഫ് ഡിവിഷനിൽ 12300 ഹെക്ടർ വനഭൂമിയിൽ വ്യാപിച്ചു കിടക്കുന്നതും വയനാട് വന്യജീവി സങ്കേതത്തിലെ സ്വാഭാവിക വനത്തിന് ദോഷം ഉണ്ടാക്കുന്നതുമായ അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി മഞ്ഞക്കൊന്ന നശിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. ആദ്യഘട്ടമെന്ന നിലയിൽ 1672 ഹെക്ടർ പ്രദേശത്താണ് ഇത് നടപ്പിലാക്കുന്നത്. 5.31 കോടി രൂപയുടെ ഈ പദ്ധതി നബാർഡിന്റെ സഹായത്തോടെ മുത്തങ്ങ, കുറിച്യാട് ഫോറസ്റ്റ് റേഞ്ചുകളിലാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.

പത്ത് സെ.മീറ്ററിന് മുകളിൽ വണ്ണമുള്ള തൈകൾ നെഞ്ച് ഉയരത്തിൽ തൊലി നീക്കം ചെയ്തുകൊണ്ട് അവ ഉണക്കി കളയുകയാണ് ചെയ്യുക. പത്ത് സെ.മീറ്ററിൽ താഴെ വണ്ണമുള്ളവ പിഴതു കളയുന്നതാണ്. സസ്യഭുക്കുകളായ വന്യജീവികൾക്ക് ഉപയോഗപ്രദമല്ലാത്തതും തദ്ദേശയിനം വൃക്ഷങ്ങളെ വളരാൻ അനുവദിക്കാത്തതുമായ മഞ്ഞക്കൊന്ന കാടിന്റെ ജൈവ സമ്പത്തിനും ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയാണ്. വനത്തിൽ സസ്യഭുക്കുകളുടെ എണ്ണം കുറയുന്നതിനാൽ കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങൾക്ക് ഇരകളെ ലഭിക്കാതിരിക്കുന്നതിനും കാട്ടാനകൾ ഉൾപ്പെടെ അവ വനത്തിന് പുറത്ത് കടക്കുന്നതിനും ഇടയാകുന്നതാണ്.