KFDC is responsible for the complete management of the plantation at Nelliampathi

പാലക്കാട് നെല്ലിയാമ്പതി മേഖലയിലെ കേരള വനം വികസന കോർപ്പറേഷന്റ കൈവശമുള്ള തോട്ടങ്ങളായ മീര ഫ്‌ളോർസ്, ബിയാട്രീസ്, റോസറി എന്നീ തോട്ടങ്ങളുടെ തുടർന്നുള്ള നടത്തിപ്പ് സംബന്ധിച്ച് തീരുമാനമായി.

തോട്ടങ്ങളുടെ കാലപ്പഴക്കവും വിളവ് നിലച്ചതും മൂലം തോട്ടങ്ങളിൽ നിന്നുള്ള വരുമാനം പരിപാലനത്തിന് പോലും തികയുന്നില്ലെന്നും ഇതുമൂലം കെ.എഫ്.ഡി.സി-യ്ക്ക് ഭീമമായ നഷ്ടം വരുന്നുവെന്നും കെ.എഫ്.ഡി.സി എം.ഡി അറിയിച്ചു. കെ.എഫ്.ഡി.സി-യ്ക്ക് നടത്താൻ പറ്റാത്തതിന്റെ അടിസ്ഥാനത്തിൽ, പ്രവർത്തനങ്ങൾ യാതൊന്നും ഇല്ലാത്ത റോസറി, ബീയാട്രീസ് എസ്റ്റേറ്റുകൾ വനം വകുപ്പിനെ ഏൽപ്പിക്കുകയും ബീയാട്രീസ് എസ്റ്റേറ്റിൽ ഇനി അവശേഷിക്കുന്ന കുടുംബങ്ങളിൽപ്പെട്ട തൊഴിലാളികൾക്ക് മീരാ ഫ്‌ളോർസിൽ ജോലി നൽകി മീരാ ഫ്‌ളോർസിന്റെ നടത്തിപ്പും പൂർണ്ണമായ പരിപാലനവും പാട്ടവ്യവസ്ഥയിൽ കെ.എഫ്.ഡി.സി-യ്ക്ക് കൈമാറണമെന്നുമുള്ള കെ.എഫ്.ഡി.സി എം.ഡിയുടെ ആവശ്യം അംഗീകരിച്ചു. എന്നാൽ ഈ പ്രദേശത്ത് ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് നിയമപരമായ സാധ്യതകൾ പരിശോധിക്കും.

പ്രസ്തുത തോട്ടങ്ങളുടെ ഉൽപ്പന്ന ശേഖരം 11.12.2011 മുതൽ കെ.എഫ്.ഡി.സി-യാണ് നടത്തി വരുന്നത്. 2012 ഏപ്രിൽ മാസം മുതൽ തോട്ടങ്ങളിൽ മുൻപ് ജോലി ചെയ്തിരുന്ന തൊഴിലാളികളെ ഉപയോഗിച്ച് വിളവെടുപ്പ് ജോലികൾ നടത്തി വരികയാണ്.

എസ്റ്റേറ്റിലെ മുൻ തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലെ സേവനം ഉൾപ്പെടെ പരിഗണിച്ച് പെൻഷൻ ആനുകൂല്യങ്ങൾ നൽകണമെന്ന ലേബർ കോടതിയുടെ ഉത്തരവ് മേൽ നടപടികൾക്കായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ കെ.എഫ്.ഡി.സി-യ്ക്ക് നിർദ്ദേശം നൽകി.