A special committee has been formed to coordinate the activities of Nipa Prevention-Forest Department

നിപ പ്രതിരോധം-വനം വകുപ്പിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു

കോഴിക്കോട് ജില്ലയിൽ നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ വനം വകുപ്പിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ചു ഉത്തരവായി. വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിദ്ധ്യം ഉള്ളതായി പഠനങ്ങൾ തെളിയിച്ച സാഹചര്യത്തിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ജീവികളായതിനാൽ വവ്വാലുകളെ പിടികൂടുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമയബന്ധിതമായ ഇടപെടലുകൾ ആവശ്യമാണ്. വവ്വാലുകളെ കുറിച്ചുള്ള ഗവേഷണം നടത്തിയ ശാസ്ത്രജ്ഞൻമാരുടേയും വെറ്റിനറി ഡോക്ടർമാരുടേയും ഉപദേശവും ഇക്കാര്യത്തിൽ ആവശ്യമുള്ളതാണ്. ഇത്തരം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനാണ് പ്രത്യേക കമ്മിറ്റി രൂപീകരിച്ചത്.

ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പുമായി സമ്പർക്കം പുലർത്തുകയും വനം വകുപ്പിന്റെ ഭാഗത്തു നിന്നും ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ഉറപ്പാക്കുക, വവ്വാലുകളെ പിടിക്കുന്നതും പരിശോധനക്കായി അയക്കുന്നതും സംബന്ധിച്ച എല്ലാ പെർമിഷനുകളും ഉടനടി ലഭ്യമാക്കാൻ സഹായിക്കുക, വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാനുള്ള സാധ്യതകൾ ഒഴിവാക്കുന്നതിന്
വേണ്ട സാധ്യതകളെ കുറിച്ച് വിദഗ്‌ദ്ധോപദേശം നൽകുക, പല ഇനം വവ്വാലുകളുടെ ഭക്ഷണ രീതികളെ കുറച്ചും, മനുഷ്യനുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കം വരാതെ സൂക്ഷിക്കാനുളള നടപടികളെ കുറിച്ച് വിദഗ്‌ദ്ധോപദേശം ലഭ്യമാക്കുക എന്നിവയാണ് കമ്മിറ്റിയുടെ ചുമതലകൾ.