National Tiger Census: A win for Periyar Tiger Reserve

2023-ലെ മാനേജ്മെന്റ്‌ ഇഫക്റ്റീവ്നെസ് ഇവാലുവേഷൻ ഓഫ് ടൈഗർ റിസർവസ്‌ ഇൻ ഇന്ത്യ റിപ്പോർട്ട് പ്രകാരം 94.38 സ്‌കോർ നേടി പെരിയാർ ടൈഗർ റിസർവ് 1-ാം സ്ഥാനത്തെത്തി. 2-ാം സ്ഥാനത്ത് 93.18 വീതം സ്കോർ നേടിയ ബന്ദിപ്പുരും സത്പുരയുമാണ്. കടുവസങ്കേതങ്ങളുടെ ഭരണനിർവഹണത്തിലും കാത്തുസൂക്ഷിപ്പിലും കഴിഞ്ഞതവണയും പെരിയാറിനു തന്നെയായിരുന്നു 1-ാം സ്ഥാനം. പ്രവർത്തന മികവിലും കടുവകളുടെ എണ്ണത്തിലുള്ള വർധനവിലും പെരിയാർ കടുവസങ്കേതം തന്നെയാണ് മുന്നിൽ. വനം, വന്യജീവി, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങളിലും പെരിയാർ കടുവ സങ്കേതം ഒന്നാമതാണ്.

പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര പ്രവർത്തനങ്ങൾ, പരിസര പ്രദേശങ്ങളിലുള്ള ജനങ്ങളുമായുള്ള ബന്ധം മെച്ചമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, വനം- പരിസ്ഥിതി ഗവേഷണം , മനുഷ്യ വന്യജീവി സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾ, പരിസ്ഥിതി അവബോധ പ്രവർത്തനങ്ങൾ, വിനോദസഞ്ചാരികൾക്ക് നൽകുന്ന സേവനങ്ങൾ, കടുവ സംരക്ഷണ പ്രവർത്തനങ്ങളുടെ സ്ഥിതി, ജീവനക്കാർക്ക് നൽകുന്ന സൗകര്യങ്ങൾ തുടങ്ങിയ 100 ഓളം വരുന്ന വിവിധ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ്‌ പെരിയാർ കടുവ സങ്കേതം ഏറ്റവും കൂടുതൽ മാർക്ക് നേടി ഒന്നാമത് എത്തിയത്.

4 വർഷം മുമ്പ് നടന്ന കണക്കെടുപ്പിൽ പെരിയാർ കടുവ സങ്കേതത്തിൽ 36 മുതൽ 40 വരെ കടുവകളാണ് ഉണ്ടായിരുന്നത്. ഇത്തവണത്തെ കണക്കെടുപ്പിൽ കടുവകളുടെ എണ്ണം 46 ആയി ഉയർന്നു. 100 % കൃത്യതയോടെയുള്ള കണക്ക് ലഭിക്കില്ല. ക്യാമറ ട്രാപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെയാണ് കണക്കെടുപ്പ് നടത്തുന്നത്. ക്യാമറയിൽ പതിയുന്ന കടുവകളുടെ എണ്ണമാണ് കണക്കിൽപ്പെടുക.
കടുവകളുടെ എണ്ണം വർധിപ്പിക്കുന്നതിനായി 1973 ഏപ്രിൽ 1-ന്‌ ആരംഭിച്ച ‘പ്രോജക്ട്‌ ടൈഗറി’ന്റെ 50-ാം വാർഷികത്തിന്റെ ഭാഗമായാണ്‌ പുതിയ കടുവ കണക്കെടുപ്പ്‌ വിവരം പുറത്തുവിട്ടത്.

925 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പെരിയാർ കടുവ സങ്കേതത്തിലെ 881 ചതുരശ്ര കിലോമീറ്റർ പ്രദേശവും കടുവകളുടെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ കാതൽ (കോർ ഏരിയ) മേഖലയാണ്. ശേഷിച്ച 44 ചതുരശ്ര കിലോമീറ്റർ പ്രദേശം കരുതൽ (ബഫർ സോൺ) മേഖലയാണ്. 26 ചതുരശ്ര കിലോമീറ്റർ വരുന്ന പെരിയാർ നദിയും, ശബരിമലയും, തേക്കടിയുമെല്ലാം ഉൾപ്പെടുന്നതാണ് കരുതൽ മേഖല.
മനുഷ്യവാസമില്ലാത്തതും തമിഴ്നാട് വനമേഖലയുമായി അതിർത്തി പങ്കിടുന്നതുമായ കാതൽ മേഖലയിൽ കടുവകളുടെ ആവാസവ്യവസ്ഥയ്ക്കു പുറമേ നിന്നുള്ള യാതൊരു ഭീഷണിയും നിലവിലില്ല. എന്നാൽ വനത്തിനുള്ളിൽ പെരുകുന്ന കൊങ്ങിണി ചെടികൾ (ലെന്റാന) ഉൾപ്പെടെയുള്ള കളകൾ ഇവയുടെ നിലനിൽപിന് ഭീഷണിയാണ്.

പശ്ചിമഘട്ടത്തിലെ നീലഗിരി മേഖലയാണ് ലോകത്ത് ഏറ്റവുമധികം കടുവകളുള്ള ക്ലസ്റ്റർ. പക്ഷേ, ഇവിടങ്ങളിൽ കടുവകളുടെ എണ്ണം കുറയുന്ന പ്രവണതയാണുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. പശ്ചിമഘട്ടത്തിൽ 981 കടുവകൾ ഉണ്ടെന്നായിരുന്നു 2018-ലെ കണക്കെടുപ്പിൽ. എന്നാൽ, ഇത്തവണ അത് 824 ആണ്. കേരളത്തിലെ വയനാട് മേഖലയിലും കർണാടകയിലെ ബി.ആർ.ടി. ഹിൽസ് മേഖലയിലും കടുവകളുടെ എണ്ണം വലിയതോതിൽ കുറയുന്നുണ്ട്. സംരക്ഷിതമേഖലകളിലെ കടുവകളുടെ എണ്ണം കുറയുന്നില്ലെങ്കിലും സംരക്ഷിത വനപ്രദേശത്തിന് പുറത്തെ കടുവകളുടെ എണ്ണത്തിലാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

കടുവ സംരക്ഷണത്തിൽ അന്താരാഷ്ട്ര നിലവാരം കൈവരിച്ച സങ്കേതങ്ങളുടെ പട്ടികയിലും പെരിയാർ കടുവ സങ്കേതം ഇടം പിടിച്ചു. കടുവ സംരക്ഷണ സങ്കേതങ്ങളുള്ള ലോകത്തെ 13 രാജ്യങ്ങളിലെ സംരക്ഷണ മികവ് വിലയിരുത്തുന്നത് കൺസർവേഷൻ അഷ്വേഡ് ടൈഗർ സ്റ്റാൻഡേഡ്‌സ് (ക്യാറ്റ്) {conservation assured tiger standards } അക്രഡിറ്റേഷനിലൂടെയാണ്. പെരിയാറിനുപുറമേ പിലിഭിത്ത് (ഉത്തർപ്രദേശ്), കാളി (കർണാടക), തഡോബ, മേൽഘട്ട്, നവ്‌ഗോൺ (മഹാരാഷ്ട്ര) എന്നിവയാണ് ക്യാറ്റ് അംഗീകാരം ഇത്തവണ നേടിയ മറ്റു കടുവസങ്കേതങ്ങൾ.

കടുവസംരക്ഷണത്തിനായി 7 പ്രധാന മാർഗനിർദേശങ്ങളും 17 ഘടകങ്ങളുമാണ് ക്യാറ്റ് അംഗീകാരം ലഭിക്കാൻ പൂർത്തിയാക്കേണ്ടത്. കടുവസങ്കേതത്തിന്റെ ജൈവവൈവിധ്യസംരക്ഷണം, മാനേജ്‌മെന്റ് മികവ്, അടിസ്ഥാനസൗകര്യങ്ങൾ, വനവാസികളുടെ സാമൂഹികപശ്ചാത്തലം, ജീവനക്കാരുടെ മികവ് തുടങ്ങിയവ ഇതിലുൾപ്പെടുന്നു.