Thrissur Pooram: Animal protection and forest departments are ready for the safety of elephants

തൃശൂർ പൂരത്തിൽ എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മൃഗസംരക്ഷണ വകുപ്പും ആന സ്ക്വാഡും സജ്ജമായി. കൊച്ചിൻ ദേവസ്വം ബോർഡ് വടക്കുംനാഥൻ കൊക്കൂർണിപ്പറമ്പിൽ പൂരത്തോടനുബന്ധിച്ച് എത്തുന്ന ആനകളുടെ പരിശോധന വിലയിരുത്തി. കൊച്ചിൻ ദേവസ്വം ബോർഡിന്റെ എറണാകുളം ശിവകുമാർ എന്ന ആനയെയാണ് മൃഗസംരക്ഷണ വകുപ്പ് ആദ്യം പരിശോധിച്ചത്. കടുത്ത വേനലിൽ ആനകളുടെ പരിപാലനത്തിൽ ഏറെ ശ്രദ്ധവേണമെന്ന് നിർദേശിച്ചു.

ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ലത മേനോന്റെ നേതൃത്വത്തിൽ 52 വെറ്ററിനറി ഡോക്ടർമാരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. പൂരത്തോടനുബന്ധിച്ച് ആനകൾക്ക് അടിയന്തര ചികിത്സ ആവശ്യമായി വന്നാൽ നൽകാനുള്ള സൗകര്യവും മൃഗസംരക്ഷണ വകുപ്പ് തയാറാക്കിയിട്ടുണ്ട്. ചടങ്ങുകളിൽ പങ്കെടുക്കുന്ന ആനകൾക്ക് മതിയായ വിശ്രമം, ഭക്ഷണം, വെള്ളം എന്നിവ ഉറപ്പാക്കും. രേഖകളുടെ പരിശോധന, ആനകളുടെ ആരോഗ്യാവസ്ഥ വിലയിരുത്തൽ എന്നിവ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം ജെ രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടത്തും.

പൂര ചടങ്ങുകളിൽ പങ്കെടുക്കുന്ന ആനകളെയെല്ലാം വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘം ആരോഗ്യ പരിശോധന നടത്തിയ ശേഷമാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത്. തൃശൂർ പൂരത്തിലും മറ്റു പ്രധാന പൂരങ്ങളിലും പങ്കെടുത്തിട്ടുള്ള പരിചയം, മദകാലം, അനുസരണ, പാപ്പാൻമാരുടെ ലൈസൻസ് വിവരങ്ങൾ, പരിചയ സമ്പന്നത തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തും. നിലവിൽ 95 ആനകളെ പരിശോധിക്കാനുള്ള അപേക്ഷയാണ് നൽകിയിരിക്കുന്നത്. വൈകിട്ട് നാല് മുതൽ പത്ത് മണി വരെയാണ് പരിശോധന.