Coastal Plan; The committee approved the report in principle
തീരദേശ പ്ലാന്‍; സമിതി റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ചു
 

തീരദേശ പരിപാലന പ്ലാന്‍ പരിശോധിച്ച് അപാകതകള്‍ പരിഹരിക്കുന്നതിന് രൂപീകരിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനം 2019 നെ തുടര്‍ന്ന് തയ്യാറാക്കിയ കരട് പ്ലാനിലെ അപാകതകള്‍ പരിശോധിച്ച റിപ്പോര്‍ട്ടാണിത്.

ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം

തിരുവനന്തപുരം കടംകംപള്ളി വില്ലേജില്‍ കടല്‍ പുറംപോക്കില്‍ താമസിച്ചു വരികെ 2018 ലെ പ്രളയത്തില്‍ പൂര്‍ണ്ണമായും വീട് തകര്‍ന്ന ലൂര്‍?ദ്ദിന് 2 സെന്റ് സ്ഥലവും വീടും വാങ്ങുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 7,04,900 രൂപ അനുവദിച്ചു.

നിയമനം

സംസ്ഥാനത്തെ 1550 വില്ലേജുകളുടെ ഡിജിറ്റല്‍ റീ സര്‍വ്വേയുടെ ഒന്നാം ഘട്ടം വേഗതയില്‍ നടപ്പാക്കുന്നതിന് 1500 സര്‍വ്വേയര്‍മാരേയും 3200 ഹെല്‍പ്പര്‍മാരേയും നിയമിക്കും. കരാര്‍ അടിസ്ഥാനത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരമാവും നിയമനം.

മില്ലറ്റ് ഫാം തുടങ്ങുന്നതിന് ഭൂമി കൈമാറും

പാലക്കാട് ജില്ലയിലെ അഗളി വില്ലേജില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള അഞ്ചേക്കര്‍ സ്ഥലം മില്ലറ്റ് ഫാം തുടങ്ങാന്‍ കൃഷി വകുപ്പിന് കൈമാറും. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പില്‍ നിലനിര്‍ത്തി നിബന്ധനകള്‍ക്ക് വിധേയമായാണ് കൈമാറുക.

കരട് ഓര്‍ഡിനന്‍സ്

തദ്ദേശ സ്വയംഭരണ പൊതുസര്‍വ്വീസ് രൂപീകരിക്കുന്നതിന് കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിയമങ്ങളും മറ്റു നിയമങ്ങളും (ഭേദഗതി) ഓര്‍ഡിനന്‍സിന്റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കരട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

ഭരണാനുമതി നല്‍കും

കേരള യുണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സ്, ഇന്നോവേഷന്‍ ആന്റ് ടെക്‌നോളജി കാമ്പസില്‍ സ്റ്റേറ്റ് ഡാറ്റ സെന്റര്‍ വിത്ത് ഹൈബ്രിഡ് ക്ലൗഡ് കോംപിറ്റബിള്‍ ആന്റ് ഹൈപ്പര്‍ കണ്‍വേര്‍ജ്ഡ് ഇന്‍ഫ്രാസ്‌ക്ടചര്‍ സ്ഥാപിക്കുന്നതിന് ഭരണാനുമതി നല്‍കും. 25 കോടി രൂപ ചെലവിലാണ് സ്ഥാപിക്കുക. പ്രാഥമിക ആവശ്യത്തിനുള്ള 7 കോടി രൂപ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ കീഴിലുള്ള സ്‌കില്‍ ഡെലിവറി പ്ലാറ്റ്‌ഫോമില്‍ നിന്നും ഐടി മിഷന് അനുവദിക്കും.

ശമ്പളപരിഷ്‌ക്കരണം

കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയിലെ യു.ജി.സി സ്‌കീമില്‍പ്പെടുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം പരിഷ്‌ക്കരിക്കും. കുടിശ്ശികയുടെ കാര്യം പിന്നീട് തീരുമാനിക്കും.
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ശമ്പള പരിഷ്‌ക്കരണം. സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളിലെ ജീവനക്കാരുടെ ശമ്പളം,അലവന്‍സുകള്‍ മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ 11-ാം ശമ്പള പരിഷ്‌കരണ ഉത്തരവിലെ നിബന്ധനകള്‍ പ്രകാരം പരിഷ്‌കരിക്കും.