Most of the renovation work on Cheekloot Town has been completed

ചീക്കിലോട് ടൗണ്‍ നവീകരണ പ്രവൃത്തികള്‍ ഭൂരിഭാഗവും പൂര്‍ത്തിയായി

എലത്തൂര്‍ നിയോജക നന്മണ്ട ഗ്രാമപഞ്ചായത്തിലെ ചീക്കിലോട് ടൗണ്‍ നവീകരണ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് എം.എല്‍. എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച ഒരു കോടിയുടെ സിവില്‍-പൊതുമരാമത്ത് പ്രവൃത്തികള്‍ ഭൂരിഭാഗവും പൂര്‍ത്തിയായി. പ്രവൃത്തി പുരോഗതി ഇന്ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ വിലയിരുത്തി.

പുതുതായി നിര്‍മ്മിച്ച ശുചിമുറിയിലേക്കുള്ള വെള്ളം കണ്ടെത്തുന്നതിനുള്ള കുഴല്‍ക്കിണറിന്റെ പ്രവൃത്തിയും ഇലക്ട്രിക്കല്‍ വര്‍ക്കും ടൗണിന്റെ സൗന്ദര്യവത്ക്കരണവുമായി ബന്ധപ്പെട്ട് ചെറിയ പ്രവര്‍ത്തികളുമാണ് ശേഷിക്കുന്നത്. ഇത് ഇലക്ട്രിക്കല്‍ വിഭാഗവുമായും ഭൂഗര്‍ഭജല വിഭാഗവുമായും സഹകരിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി ചെയ്യേണ്ടതാണ്. അതിന്റെ നടത്തിപ്പിനായി അധിക തുക കണ്ടെത്താനും ശേഷിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുമായി കരാറുകാരനുമായും ഉദ്യോഗസ്ഥരുമായും അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തും.ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ബസ് സ്റ്റാന്‍ഡ് ഇന്റര്‍ലോക്ക് ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ മെയ് അവസാനം പൊതുജനങ്ങള്‍ക്കായി ടൗണ്‍ തുറന്നു കൊടുക്കാനാകും.

ഗവ.ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ രാജന്‍ മാസ്റ്റര്‍, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ കുണ്ടൂര്‍ ബിജു, അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സി.എച്ച് ഹാബി, അസി. എന്‍ജിനീയര്‍ കെ.പി പ്രമിത പങ്കെടുത്തു.