Kerala elephant and tiger census report

കേരളത്തിലെ ആന- കടുവ കണക്കെടുപ്പു റിപ്പോർട്ട്

സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ എണ്ണം വനങ്ങൾക്ക് ഉൾക്കൊള്ളാവുന്നതിലും അധികരിച്ചു എന്ന പ്രചാരണം വ്യാപകമായി വന്ന സാഹചര്യത്തിൽ കേരളത്തിലെ കാട്ടാനകളുടെയും വയനാട് ലാന്റ് സ്‌കേപ്പിലെ കടുവകളുടെയും കണക്കെടുപ്പ് നടത്തുമെന്ന് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ കണക്കെടുപ്പ് നടത്തിയ (2017-ൽ) അതേ തീയതികളായ മെയ് 17-19 തീയതികളിൽ തന്നെയാണ് ഇത്തവണ സംസ്ഥാനത്ത് കാട്ടാനകളുടെ കണക്കെടുപ്പ് നടത്തിയത്. ഇതര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും (തമിഴ്നാട്, കർണ്ണാടക, ആന്ധ്രാ, തെലുങ്കാന, ഗോവ) ഇതേ ദിവസങ്ങളിൽ തന്നെ കണക്കെടുപ്പ് നടത്തി.
610 സാമ്പിൾ ബ്ലോക്കുകളായാണ് കാട്ടാന സെൻസസ് നടത്തിയത്. ബ്ലോക്ക് കൗണ്ടുപ്രകാരം കേരള വനങ്ങളിലെ കാട്ടാനകളുടെ എണ്ണം 1920 (1914 നും 1926 നും ഇടയിൽ) ആണ്. ആനയുടെ സാന്ദ്രത ഒരു km2-ൽ 0.20 ആണ്. ലൈൻ ട്രാൻസെറ്റുകൾ (895.40 കി.മീ. നീളം) അടിസ്ഥാനമാക്കി നടത്തിയ ആനപ്പിണ്ഡത്തിന്റെ കണക്കെടുപ്പിൽ (dung count) നിന്നും കാട്ടാനളുടെ എണ്ണം 2386 ഉം സാന്ദ്രത ഒരു km2-ൽ 0.25-ഉം ആണ്.
എലഫെന്റ് റിസർവുകളുടെ അന്തർസംസ്ഥാന അതിർത്തി- 957 കി.മീ. ആണ്. ആയതിനാൽ ആനകളുടെ അന്തർ സംസ്ഥാന സഞ്ചാരങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതും സംസ്ഥാനത്തിനുള്ളിലെ കാട്ടാനകളുടെ എണ്ണത്തിൽ മാറ്റം വന്നുകൊണ്ടിരിക്കുന്നതുമാണ്. വരൾച്ച, കാട്ടുതീ എന്നിവ ഇപ്രകാരമുള്ള പാലായനത്തെ വർദ്ധിപ്പിക്കുന്നു.

കഴിഞ്ഞ തവണ ഇതേ ദിവസങ്ങളിലാണ് കാട്ടാന സെൻസസ് നടത്തിയതെങ്കിലും കർണ്ണാടക വന പ്രദേശങ്ങളിൽ ഉൾപ്പെടെ ആ സമയങ്ങളിൽ വരൾച്ചയും കേരളത്തിലെ വന പ്രദേശങ്ങളിൽ അനുകൂലമായ കാലാവസ്ഥയും ആയതിനാൽ കാട്ടാനകൾ കേരളത്തിലേക്ക് പാലായനം ചെയ്തു. ഇത് കഴിഞ്ഞ തവണ എണ്ണത്തിൽ വർദ്ധനവിന് കാരണമായിട്ടുണ്ട്. ഇത്തവണ കേരളത്തിലെ കാലാവസ്ഥ പ്രതികൂലമായതിനാൽ കാട്ടാനകൾ കർണ്ണാടക, തമിഴ്നാട് വനങ്ങളിലേക്ക് പാലായനം ചെയ്തത് എണ്ണത്തിൽ കുറവ് വരാനുള്ള ഒരു കാരണമായിട്ടുണ്ട്.

തിരഞ്ഞടുക്കപ്പെട്ട 297 സ്ഥലങ്ങളിൽ ക്യാമറ ട്രാപ്പ് സ്ഥാപിച്ചാണ് വയനാട് ലാന്റ് സ്‌കേപ്പിലെകടുവകളുടെ എണ്ണം ശേഖരിച്ചത്. 297 ഇടങ്ങളിലും ക്യാമറ ട്രാപ്പുകൾ 45 ദിവസം വീതം വയ്ക്കുകയുണ്ടായി. ഇങ്ങനെ 13,365 ട്രാപ്പ് നൈറ്റ് ലഭിക്കുകയുണ്ടായി. ക്യാമറ ട്രാപ്പ് സ്ഥാപിച്ച 297 ഇടങ്ങളിൽ 160 സ്ഥലങ്ങളിൽ നിന്നും 84 വ്യത്യസ്ഥമായ കടുവകളുടെ ചിത്രങ്ങൾ ലഭിച്ചു.

കണ്ണൂർ ഫോറസ്റ്റ് ഡിവിഷനും ആറളം വൈൽഡ് ലൈഫ് സാങ്ച്വറിയും ഒഴികെയുള്ള വയനാട് ലാന്റ് സ്‌കേപ്പിലെ എല്ലാ ഫോറസ്റ്റ് ഡിവിഷനുകളിൽ നിന്നും കടുവകളുടെ സാന്നിദ്ധ്യം വ്യക്തമാക്കുന്ന ചിത്രങ്ങൾ ലഭിക്കുകയുണ്ടായി. ആകെ ലഭിച്ച 84 കടുവകളിൽ 69 എണ്ണം (82.14%) വയനാട്് വന്യജീവി സങ്കേതത്തിൽ നിന്നും 8 എണ്ണം നോർത്ത് വയനാട് ഡിവിഷനിൽ നിന്നും 7 എണ്ണം സൗത്ത് വയനാട് ഡിവിഷനിൽ നിന്നുമാണ്.

84 കടുവകളിൽ 45 എണ്ണം (54%) മുൻകാലങ്ങളിൽ (2016, 2018 2022) ലഭിച്ചതും ബാക്കിയുള്ള 39 എണ്ണം (46%) ഇതുവരെ ക്യാമറ ട്രാപ്പുകളിൽ ലഭിക്കാതിരുന്നവയുമാണ്. വയനാട് ലാന്റ് സ്‌കേപ്പിൽ കടുവകളുടെ സാന്ദ്രത നിലവിൽ ഓരോ 100 ചതുരശ്ര കിലോമീറ്ററിനും 7.7 ആണ്.
വയനാട്, ആറളം, കൊട്ടിയൂർ എന്നീ വന്യജീവി സങ്കേതങ്ങളും, സൗത്ത് വയനാട്, നോർത്ത് വയനാട്, കണ്ണൂർ എന്നീ വന ഡിവിഷനുകളിലെ കർണ്ണാടക സംസ്ഥാനത്തിലെ വനവുമായി ചേർന്ന് കിടക്കുന്ന വന മേഖലയും ഉൾപ്പെടുന്നതാണ് വയനാട് ലാൻഡ് സ്‌കേപ്പ്.
കാട്ടാന സെൻസസിനായി 17.04.2023 മുതൽ 11.05.2023 വരെ 32 ഡിവിഷൻതല ട്രെയിനിംഗുകളിൽ 1382 പേർക്ക് (സ്റ്റാഫ്, വാച്ചർമാർ) പരിശീലനം നൽകി. കണക്കെടുപ്പ് ദിവസങ്ങളിൽ ഫോറസ്റ്റ് വിജിലൻസ് വിംഗിന്റെ ഫീൽഡ് പരിശോധനയും ഉണ്ടായിരുന്നു.