കാലാവധി അവസാനിച്ച പാട്ടകരാര്‍ പുതുക്കി നൽകും
വയനാട് ജില്ലയില്‍ ‘ഗ്രോ മോര്‍ ഫുഡ്’പദ്ധതിയ്ക്കായി പാട്ടത്തിനു നല്‍കിയ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രിതല യോഗം ചേര്‍ന്നു. 2003-04 ല്‍ കാലാവധി അവസാനിച്ച പാട്ടകരാര്‍ പുതുക്കി നല്‍കാമെന്ന് യോഗത്തില്‍ തീരുമാനിച്ചു. പാട്ടഭൂമിയിലെ കൃഷി നാശത്തിന് നഷ്ടപരിഹാരം നല്‍കും. പ്രദേശത്ത് നിന്നും ഒഴിഞ്ഞവര്‍ക്ക് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം പരിഹാരം അനുവദിക്കാനുണ്ടെങ്കില്‍ അത് അടിയന്തരമായി നല്‍കുന്നതാണ്. പുനരധിവാസ പദ്ധതി പ്രകാരം ഒഴിഞ്ഞുപോകാന്‍ താല്‍പര്യപ്പെടുന്നവരുടെ അപേക്ഷ പരിഗണിക്കുന്നതാണ്.
പട്ടയം നല്‍കുന്ന വിഷയം കേന്ദ്ര വനം സംരക്ഷണ നിയമത്തിന്റെ 1 എ-യുടെ ഉപവകുപ്പ് (1) (എ) (ബി) എന്നിവയുടെ പരിധില്‍ വരുന്നതാണോ എന്ന് പരിശോധിക്കും. പാട്ടഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുന്ന കാര്യം പരിശോധിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഇക്കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന് വനം വകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ്. വയനാട്ടിലെ കര്‍ഷക ജനതയ്‌ക്കൊപ്പമാണ് വനം വകുപ്പും സര്‍ക്കാരും എന്നത് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് വനം വകുപ്പിന്റെ ഭാഗത്തു നിന്നുള്ള നടപടികള്‍.