കക്കാടംപൊയില്‍ നായാടംപൊയില്‍- കുരിശുമല ഇക്കോ ടൂറിസം സെന്ററായി വികസിപ്പിക്കുന്നതിനു ധാരണയായി
തിരുവമ്പാടി മണ്ഡലത്തിലെ കക്കാടംപൊയില്‍ നായാടംപൊയില്‍- കുരിശുമല ഇക്കോ ടൂറിസം സെന്ററായി വികസിപ്പിക്കുന്നതിനു ധാരണയായി. കൂടരഞ്ഞി ഗ്രാമപഞ്ചായത്തും വനം വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക.
തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരുകയും പദ്ധതി പ്രദേശം സന്ദര്‍ശിക്കുയും ചെയ്തു. ഇക്കോ ടൂറിസത്തിന്റെ വിശദ പദ്ധതി രേഖ തയ്യാറാക്കാനും കക്കാടം പൊയിലില്‍ ലഭ്യമായ റവന്യു ഭൂമിയില്‍ ഭാവിയില്‍ ഫ്‌ളവര്‍വാലി നിര്‍മ്മിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.
18.3 ഹെക്ടര്‍ വരുന്ന ഇക്കോ ടൂറിസം പദ്ധതി നിര്‍ദ്ദേശിക്കുന്ന കക്കാടം പൊയില്‍-നായാടംപൊയില്‍ വനഭാഗം സമുദ്ര നിരപ്പില്‍ നിന്നും 2200 മീറ്റര്‍ ഉയരത്തിലാണ്.
സന്ദര്‍ശകര്‍ക്ക് മതിയായ സംരക്ഷണവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുക, വനോല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക,പ്രകൃതി ഭംഗി ആസ്വദിക്കുന്നതിന് സൗകര്യം ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ ഇക്കോ ടൂറിസം പദ്ധതിയിലൂടെ നടപ്പിലാക്കാന്‍ സാധിക്കും. ടിക്കറ്റ് കൗണ്ടര്‍, കുടിവെള്ളം, ഭക്ഷണം, ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങള്‍ ഗ്രാമ പഞ്ചായത്ത് ഒരുക്കും.