Death in Idukki Katana attack - Rs 15 lakh compensation

*അടിയന്തര യോഗം ചേരും

*വന്യജീവി ആക്രമണം തടയുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കി

ആനകളുടെ സാന്നിധ്യം സംബന്ധിച്ച് പൊതുജനങ്ങൾക്ക് വിവരം നൽകുന്നതിനും സുരക്ഷാ നടപടികളുടെ ഭാഗമായും ആനകളെ നിരീക്ഷിക്കാൻ പോയ വാച്ചർമാരുടെ സംഘത്തിൽ ഉൾപ്പെട്ട കോഴിപ്പക്കുടി നിവാസിയായ ഫോറസ്റ്റ് വാച്ചർ ശക്തിവേൽ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട സംഭവം ദൗർഭാഗ്യകാര്യമാണ്. സംഭവത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

കാട്ടാനകളെ തന്ത്രപൂർവ്വം ജനവാസ മേഖലകളിൽ നിന്നും കാട്ടിലേക്ക് തിരിച്ചയക്കുന്നതിന് വിദഗ്ധനായ ദീർഘകാലത്തെ അനുഭവ പരിചയമുള്ള ഒരു വാച്ചറെയാണ് വനം വകുപ്പിന് നഷ്ടമായിരിക്കുന്നത്. മരണപ്പെട്ട ശക്തിവേലിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 15 ലക്ഷം രൂപയ്ക്ക് അർഹതയുണ്ടെന്നും ഇതിൽ അഞ്ച് ലക്ഷം രൂപ ഉടൻ നൽകും. ബാക്കി അഞ്ച് ലക്ഷം രൂപ അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്കും അഞ്ച് ലക്ഷം വനം വകുപ്പ് ഏർപ്പെടുത്തിയ ഇൻഷുറൻസിൽ നിന്നും നൽകും.

സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾ നടപ്പിലാക്കുന്നതോടൊപ്പം ഇടുക്കിയിൽ മൂന്നാർ ഡിവിഷനിലും സമീപ പ്രദേശങ്ങളിലും സോളാർ ഹാൻങിംഗ് പവർ ഫെൻസിംഗ് ഉൾപ്പെടെ നടപ്പിലാക്കുന്നതിനും ജനവാസ മേഖലകളിലേക്കുള്ള കാട്ടാനകളുടെ കടന്നുകയറ്റം തടയുന്നതിനുമായി വിശദമായ ഒരു പഠനം നടത്തിയിട്ട് ഈ പദ്ധതിയ്ക്ക് ആവശ്യമായ 194 ലക്ഷം രൂപ പ്രോജക്റ്റ് എലിഫന്റ് പദ്ധതിയുടെ കീഴിൽ പട്ടിക വർഗ്ഗ സെറ്റിൽമെന്റ് പ്രദേശങ്ങൾക്കായി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ശിങ്കുകണ്ടം- ചെമ്പകത്താഴുകുടി സെറ്റിൽമെന്റ് പ്രദേശം – 8.2 കി.മീ, 80 ഏക്കർ കോളനി – 5 കി.മീ, പന്താടിക്കളം – 3.2 കി.മീ, തിടിർനഗർ – 1 കി.മീ, ബി.എൽ റാം മുതൽ തിടിർ നഗർ വരെ – 3.8 കി.മീ, കോഴിപ്പണ്ണക്കുടി – 0.5 കി.മീ എന്നിങ്ങനെ ഹാൻങിംഗ് സോളാർ പവർ ഫെൻസിംഗ് നിർമിക്കുന്നതിനും ആർ.ആർ.ടി ശക്തിപ്പെടുത്തുന്നതിനും ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്നതിനുമാണ് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്. 559 ആദിവാസ കുടുംബങ്ങൾ ഉൾപ്പെടെയുള്ള ആളുകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ഇടുക്കി ജില്ലയിലെ കാട്ടാന ശല്യം ഉൾപ്പെടെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരികരിക്കുന്നതിനുള്ള നടപടികൾ വിശദമായി ചർച്ച ചെയ്യുന്നതിനായി ഉടൻ തന്നെ ജില്ലയിലെ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്ന ഒരു യോഗം വിളിച്ചുചേർക്കും.