ക്ഷേത്ര ഉത്സവങ്ങൾ രജിസ്റ്റർ ചെയ്യൽ -സമയപരിധി ദീര്‍ഘിപ്പിച്ചു
സംസ്ഥാനത്തെ ക്ഷേത്രങ്ങളും ദേവസ്വങ്ങളും കേരള നാട്ടാന പരിപാലന ചട്ടങ്ങള്‍ പ്രകാരം രൂപീകരിച്ച ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള ജില്ലാ കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ബഹു. സുപ്രീംകോടതി ഉത്തരവായിട്ടുള്ളതാണ്. ഇതിനായി അനുവദിച്ച സമയ പരിധി അവസാനിച്ചതിനാല്‍ രജിസ്‌ട്രേഷന് അപേക്ഷിക്കുന്നതിനും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുമുള്ള സമയം 31.05.2022 വരെ ദീര്‍ഘിപ്പിക്കാന്‍ ഉത്തരവായിട്ടുണ്ട്.
ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ആനകളെ എഴുന്നള്ളിക്കുന്ന കാര്യത്തില്‍ ബഹു. സുപ്രീംകോടതി ഉത്തരവ് വരുന്നതിന് മുന്‍പ് തന്നെ 2013-ല്‍ സര്‍ക്കാര്‍ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. 2015-ലാണ് സുപ്രീംകോടതി ഉത്തരവ് നിലവില്‍ വന്നത്. ഈ സര്‍ക്കുലറിലെ അപാകത ചൂണ്ടിക്കാണിച്ചുകൊണ്ട് 16.03.22-ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.
ചട്ടങ്ങളില്‍ പറഞ്ഞതിനെക്കാള്‍ കര്‍ശനമായ രീതിയിലാണ് സര്‍ക്കുലറില്‍ വ്യവസ്ഥ ചേര്‍ത്തിട്ടുള്ളത് എന്നതിനാല്‍ സര്‍ക്കുലര്‍ ഭേദഗതി ചെയ്യാന്‍ യോഗത്തില്‍ തീരുമാനമായി.
ആനകളെ ഉപയോഗിച്ചുള്ള പുതിയ പൂരങ്ങള്‍ക്ക് അനുവാദം നല്‍കരുത്, 2012-ല്‍ ഉണ്ടായിരുന്ന പൂരങ്ങളില്‍ മാത്രമേ ആനയെ ഉപയോഗിക്കാന്‍ അനുവാദം നല്‍കാവൂ, 2012-ല്‍ ഉണ്ടായിരുന്ന ആനകളുടെ എണ്ണം മാത്രമേ ഓരോ പൂരത്തിനും തുടര്‍ വര്‍ഷങ്ങളിലും ഉണ്ടാകാന്‍ പാടുള്ളു എന്നിങ്ങനെയാണ് സര്‍ക്കുലറിലെ വ്യവസ്ഥകള്‍.