വിദ്യാലയങ്ങളില്‍ ഫോറസ്ട്രി ക്ലബ്ബും വിദ്യാവനവും
വനം-വന്യജീവി-പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികളില്‍ എത്തിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. പരിസ്ഥിതി അവബോധമുള്ള തലമുറയെ വാര്‍ത്തെടുക്കാനായി വനം-വന്യജീവി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് ഫോറസ്ട്രി ക്ലബ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 1151 ഫോറസ്ട്രി ക്ലബ്ബുകളാണ് വനം വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ക്ലബ്ബുകളിലെ അംഗങ്ങളുടെ എണ്ണം അരലക്ഷത്തിനടുത്ത് വരും. പരിസ്ഥിതി സംരക്ഷണത്തില്‍ ക്രിയാത്മകമായ സംഭാവനകള്‍ നല്‍കാന്‍ വലിയൊരു വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയുന്നു എന്നത് ഫോറസ്ട്രി ക്ലബ്ബിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
സര്‍ക്കാര്‍ അംഗീകാരമുള്ള വിദ്യാലയങ്ങളില്‍ ഫോറസ്ട്രി ക്ലബ്ബ് രൂപീകരിക്കാം. പരിസ്ഥിതി സംരക്ഷണവിഷയത്തില്‍ താല്‍പര്യമുള്ള ഒരു അധ്യാപകന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങളിലെ 40 വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ചാണ് ക്ലബ്ബ് രൂപീകരിക്കേണ്ടത്. വിദ്യാര്‍ത്ഥികള്‍ ഒരേ ക്ലാസ്സില്‍ പഠിക്കുന്നവരായിരിക്കണം. എന്നാല്‍ ഒരേ ഡിവിഷനില്‍ പഠിക്കുന്നവരാകണമെന്ന് നിര്‍ബന്ധമില്ല. അഭിരുചി പരീക്ഷ നടത്തിയാണ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.
ഫോറസ്ട്രി ക്ലബ്ബിന്റെ രജിസ്‌ട്രേഷന്‍ നടത്തേണ്ടത് ജില്ലകളിലെ വനം വകുപ്പ് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലാണ്. ഇതിനായി നിര്‍ദ്ദിഷ്ട ഫോമില്‍ അപേക്ഷ തയ്യാറാക്കി ക്ലബ് അംഗങ്ങളുടെ പേര്, ക്ലാസ്സ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയായാല്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ സഹിതമുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കും. രജിസ്‌ട്രേഷന്‍ കാലാവധി വിദ്യാര്‍ത്ഥികളുടെ അതതു തലത്തിലുള്ള പഠന കാലാവധി വരെയായിരിക്കും. ക്ലബ്ബിന്റെ പ്രവര്‍ത്തനം, ഫോറസ്ട്രി ക്ലബ്ബിന്റെ പ്രവര്‍ത്തനം എന്നിവ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ വനം വകുപ്പില്‍നിന്നും ലഭിക്കും. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഫോറസ്ട്രി ക്ലബ്ബ് അംഗങ്ങള്‍ക്ക് പരിസ്ഥിതി സംരക്ഷണത്തിനും വൃക്ഷവല്‍ക്കരണത്തിനുമായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താനാകും.
വനംവകുപ്പിന്റെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം വിദ്യാലയങ്ങളില്‍ ലഭ്യമായ അഞ്ചു സെന്റ് സ്ഥലത്ത് ഉയര്‍ന്ന സാന്ദ്രതയില്‍ വിവിധ ഇനം വൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളികളും വച്ചുപിടിപ്പിച്ച് സ്വാഭാവിക വനത്തിന്റെ ഒരു കൊച്ചുപതിപ്പ് സൃഷ്ടിച്ചെടുക്കുന്ന പദ്ധതിയായാണ് വിദ്യാവനം. ഫോറസ്ട്രി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിദ്യാവനം പദ്ധതി സംസ്ഥാനത്താകെ നടപ്പിലാക്കിവരുന്നത്. തണ്ണീര്‍ത്തട ശുചീകരണം, കാട്ടുതീ തടയാനുള്ള ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍, റാലികള്‍, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വൃക്ഷങ്ങളുടെ നഴ്‌സറി നിര്‍മ്മാണം, ബേര്‍ഡ് ബാത്ത് സജ്ജീകരിക്കല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ഫോറസ്ട്രി ക്ലബ്ബ് നടത്തിവരികയാണ്.
ഫോറസ്ട്രി ക്ലബ്ബിന്റെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാലയങ്ങളില്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനായി വനം വകുപ്പില്‍നിന്നും ധനസഹായം ലഭിക്കും. പരിസ്ഥിതിയെയും കാടിനെയും സ്നേഹിക്കുന്ന, പരിചരിക്കുന്ന തലമുറയെ വാര്‍ത്തെടുക്കുകയാണ് പദ്ധതിയിലൂടെ വനംവകുപ്പും വിദ്യാഭ്യാസ വകുപ്പും.