More AI smart fencing to be installed in the state

സംസ്ഥാനത്ത് കൂടുതല്‍ എ.ഐ സ്മാര്‍ട്ട് ഫെന്‍സിംഗുകള്‍ സ്ഥാപിക്കും

സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി കൂടുതല്‍ എ.ഐ സ്മാര്‍ട്ട് ഫെന്‍സിംഗുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് എ.ഐ സ്മാര്‍ട്ട് ഫെന്‍സിംഗ് നടത്തുന്നതിന് വനം മന്ത്രിയുടെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പുവെച്ചു. കോതമംഗലം വനം ഡിവിഷനിലെ മുള്ളരിങ്ങാട് റേഞ്ചിലെ എന്‍.എല്‍.പി പ്രൈമറി സ്‌കൂളിനോട് ചേര്‍ന്ന് 400 മീറ്റര്‍ നീളത്തില്‍ എ.ഐ ഫെന്‍സിംഗ് നടത്തുന്നതിനാണ് കരാര്‍ ഒപ്പുവെച്ചത്. 40 ലക്ഷം രൂപ ചെലവിലാണ് ഫെന്‍സിംഗ് നിര്‍മ്മിക്കുക. കോതമംഗലം-തൊടുപുഴ വന വികസന ഏജന്‍സിക്കാണ് നിര്‍മ്മാണ ചുമതല നല്‍കുന്നത്. ആറുമാസത്തിനുള്ളില്‍ ഫെന്‍സിംഗ് പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍ വ്യവസ്ഥ. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സി.എസ്.ആര്‍.തലവന്‍ സമ്പത്ത്്കുമാര്‍ പി.എന്‍, കോതമംഗലം-തൊടുപുഴ വന വികസന ഏജന്‍സി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ജോണ്‍മാത്യു എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.
വയനാട്ടിലെ ചേലക്കൊല്ലി വന മേഖലയില്‍ എലി ഫെന്‍സിംഗ് എന്ന പേരില്‍ സ്ഥാപിച്ച എ.ഐ സ്മാര്‍ട്ട് ഫെന്‍സിംഗ് വിജയകരമായി ഒരു വര്‍ഷം പൂര്‍ത്തീകരിച്ചതായും ഇതുപോലുള്ള കൂടുതല്‍ എ.ഐ സ്മാര്‍ട്ട് ഫെന്‍സിംഗുകള്‍ സംസ്ഥാനത്ത് സ്ഥാപിക്കുമെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.