ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് കൂടുതൽ സൗകര്യങ്ങളൊരുക്കും
ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി വനം മന്ത്രിയുടെ ഓഫീസിൽ ഇന്നലെ (29.12.25) ഉന്നതതലയോഗം ചേർന്നു. ദേവസ്വം ബോർഡും പോലീസും ചൂണ്ടിക്കാണിച്ച വിവിധ പ്രശ്നങ്ങൾ യോഗം ചർച്ച ചെയ്തു.
ശബരിമലയിൽ ക്ലീനിംഗ് പ്രവൃത്തികളിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന ദേവസ്വം പ്രസിഡന്റിന്റെ നിർദ്ദേശം യോഗം അംഗീകരിച്ചു. മാലിന്യം നീക്കം ചെയ്യുന്നതിനായി ഇക്കോഗാർഡുകളെ വിന്യസിച്ചിട്ടുണ്ട്. പമ്പ, സന്നിധാനം ഭാഗത്ത് വലിയതോതിൽ തന്നെ മാലിന്യം നീക്കേണ്ടതുണ്ട് എന്നത് കണക്കിലെടുത്ത് 20 ലക്ഷം രൂപ അനുവദിക്കുന്നതിനായി വനം വകുപ്പ് നല്കിയ പ്രൊപ്പോസൽ പരിഗണയ്ക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. ദേവസ്വം ബോർഡ് ആവശ്യപ്പെട്ടതനുസരിച്ച് മുക്കുഴി ഭാഗത്ത് സ്പോട്ട് ബുക്കിംഗിനായുള്ള പശ്ചാത്തലസൗകര്യം വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്.
ളാഹയിൽ തിരുവാഭരണ യാത്രയുമായി ബന്ധപ്പെട്ട് പോകുന്നവർക്ക് താമസ സൗകര്യം ഒരുക്കികഴിഞ്ഞു. മുൻ യോഗങ്ങളിൽ തീരുമാനിച്ച പ്രകാരമാണ് വനം വകുപ്പ് ഇതിനായി സൗകര്യങ്ങൾ ഒരുക്കിയത്.
തിരുവാഭരണപാതയിലൂടെയുള്ള യാത്ര കൂടുതൽ സുഗമമാക്കാൻ പാതയ്ക്കിരുവശവുമുള്ള കാട് നീക്കം ചെയ്യാൻ തീരുമാനിച്ചു. കൂടാതെ തിരുവാഭരണയാത്ര മടങ്ങിപോകുമ്പോൾ വന്യജീവി ആക്രമണങ്ങൾ ഒഴിവാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിയ്ക്കാനും തീരുമാനിച്ചു. പമ്പയിലും സന്നിധാനത്തും പുല്ലുമേട്ടിലും സ്നേക്ക് റെസ്ക്യൂ ടീമിനെയും ആവശ്യമായ ദ്രുതകർമ്മസേനയെയും 24 മണിക്കൂറും വിന്യസിച്ചിട്ടുണ്ട്.
സത്രം-പുൽമേട് വഴി യാത്ര ചെയ്യുന്ന തീർത്ഥാടകർക്ക് ബയോടോയ്ലെറ്റ് ഉൾപ്പെടെ കൂടുതൽ ടോയ്ലെറ്റ് സൗകര്യങ്ങളൊരുക്കും. തീർത്ഥാടകർക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ട്.
വലിയാനവട്ടം ചെറിയാനവട്ടം ഭാഗത്ത് ഫയർഫോഴ്സ്, ആംബുലൻസ് ഉൾപ്പെടയുള്ള വാഹനങ്ങൾ പോകുന്നതിനു വേണ്ട സൗകര്യവുമുണ്ടാക്കും.
പരമ്പരാഗതപാതയിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റി സമയബന്ധിതമായി യാത്രായോഗ്യമാക്കണമെന്നും മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. പുൽമേട്ടിലെ മകര ജ്യോതി വ്യൂ പോയിൻറിന് ചുറ്റും ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ താത്ക്കാലിക ബാരിക്കേഡ് നിർമിക്കും.
അയ്യപ്പഭക്തരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകൾ പരിഗണിച്ച് കുമിളിയിൽ സ്ഥലം വാങ്ങുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വനംവകുപ്പും ദേവസ്വംബോർഡ് പരിശോധിക്കുന്നതാണ്. തീർത്ഥാടകരുടെ പ്രവേശനം ക്രമീകരിക്കുന്നതിന് പോലീസുൾപ്പെടെയുള്ള മറ്റ് വകുപ്പുകളുടെ സഹകരണം ഉണ്ടാകണമെന്നു മന്ത്രി നിർദ്ദേശിച്ചു.
ശബരിമല മാസ്റ്റർപ്ളാനിൽ വിഭാവനം ചെയ്ത പ്രകാരം ശബരിമല മേഖലയിൽ കൂടുതൽ വനവൽക്കരണത്തിനും പുനരുദ്ധാരണത്തിനുമായി നടപടികൾ സ്വീകരിക്കും. ശബരിമല ഗ്രീൻ ഷ്രൈൻ (green shrine) എന്ന നിലയിലേക്ക് മാറ്റുന്നതിന് മറ്റ് വകുപ്പുകളുമായി ഉടനെ തന്നെ വിശദമായ ചർച്ചകൾ ചെയ്യാനും തീരുമാനമായി.