വന്യജീവി സംരക്ഷണം കേരള ഭേദഗതി ബില്ലും കേരള വന ഭേദഗതി ബില്ലും നിയമസഭ പാസ്സാക്കി
മലയോരജനതയും കര്‍ഷകരും വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന വ്യവസ്ഥകള്‍ ചേര്‍ത്തുള്ള വന്യജീവി സംരക്ഷണം കേരള ഭേദഗതി ബില്ലും കേരള വന ഭേദഗതി ബില്ലും നിയമസഭ പാസ്സാക്കി.
പൊതുജനങ്ങള്‍ക്ക് ഗുണകരമാകുന്ന വ്യവസ്ഥകള്‍ ഉള്‍കൊള്ളിച്ചിട്ടുള്ള ബില്ലുകള്‍ നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍, അവ ഐകകണ്ഠ്യേന പാസ്സാക്കി കേന്ദ്രത്തിന് ശക്തമായ സന്ദേശം നൽകേണ്ടതിന് പകരം പ്രതിപക്ഷം മാറി നിന്നത് ശരിയായില്ലെന്ന് വനംമന്ത്രി പറഞ്ഞു. മലയോരജനതയോടും കര്‍ഷകരോടും അവര്‍ ചെയ്യുന്ന നീതിനിഷേധവും ആത്മാര്‍ത്ഥതയില്ലായ്മയുമാണ് ഇത് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജനവാസമേഖലകളിലോ കൃഷിസ്ഥലങ്ങളിലോ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ ദീര്‍ഘമായ നടപടികളിലേക്ക് കാത്ത് നില്കാതെ വെടി വച്ച് കൊല്ലാനടക്കമുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നല്കുന്നതടക്കമുള്ള വ്യവസ്ഥകളാണ് വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വന്യജീവി സംരക്ഷണം (കേരള ഭേദഗതി ) ബില്‍ ഭേദഗതി
ജനവാസമേഖലകളിലും കൃഷിസ്ഥലങ്ങളിലും ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ ഉടന്‍ തന്നെ കൊല്ലാന്‍ ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്ന ബില്ലാണിത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തില്‍ കേന്ദ്രവന്യജീവിനിയമത്തില്‍ ഒരു ഭേദഗതി കൊണ്ടുവരുന്നത്.
നിലവിലുള്ള കേന്ദ്ര നിയമത്തിലെയും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസിജീയറിലെയും അപ്രായോഗികവും കാലതാമസം വരുത്തുന്നതുമായ നടപടിക്രമങ്ങള്‍ ഒഴിവാക്കി അടിയന്തര നടപടി സ്വീകരിക്കാന്‍ ഇത് സഹായകമാകുന്നതാണ്. എന്നാല്‍ സംരക്ഷിക്കപ്പെടേണ്ട വന്യജീവികളെ സംരക്ഷിക്കുന്നതിന് നിയമപ്രകാരം തടസ്സമില്ലെന്നും വനംമന്ത്രി പറഞ്ഞു.
വന്യജീവി ആക്രമണത്തില്‍ ആര്‍ക്കെങ്കിലും ഗുരുതര പരിക്ക് പറ്റിയാല്‍ ബന്ധപ്പെട്ട ജില്ലാ കളക്ടറോ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോ അക്കാര്യം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് ചെയ്താല്‍ അദ്ദേഹത്തിന് മറ്റ് നടപടിക്രമങ്ങള്‍ക്ക് വേണ്ടി സമയം പാഴാക്കാതെ തന്നെ ആ വന്യമൃഗത്തെ കൊല്ലുന്നതിന് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കാവുന്നതാണ്.
പട്ടിക രണ്ടില്‍ ഉള്‍പ്പെട്ട കാട്ടുപന്നികള്‍, പുള്ളിമാനുകള്‍ തുടങ്ങിയ വന്യമൃഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ അവയുടെ ജനന നിയന്ത്രണം നടത്തല്‍, മറ്റ് സ്ഥലങ്ങളിലേക്ക് നാടുകടത്തല്‍ എന്നിവയ്ക്കും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇങ്ങനെ ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ പാലിക്കേണ്ടതില്ല.
പട്ടിക രണ്ടിലെ ഏത് വന്യമൃഗത്തെയും അവയുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിച്ചു എന്ന് കണ്ടാല്‍ അവയെ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കാന്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനാണ് അധികാരം. ഇതിനു പകരം സംസ്ഥാന സര്‍ക്കാരിന് ഈ അധികാരം നല്‍കുന്നതിനും ബില്ലില്‍ വ്യവസ്ഥ ചേര്‍ത്തിട്ടുണ്ട്.
ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അത്തരം വന്യജീവിയെ ആര്‍ക്ക് വേണമെങ്കിലും ഏതു വിധത്തിലും കൊല്ലാവുന്നതാണ്. അതിന്റെ ഇറച്ചി കഴിക്കുന്നതിനും തടസ്സമുണ്ടാകുന്നതല്ല. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ നിവേദനങ്ങള്‍ വഴിയും സംസ്ഥാന നിയമസഭയുടെ പ്രമേയം വഴിയും കേന്ദ്ര സര്‍ക്കാരിനോട് പലതവണ സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുമതി നല്‍കയില്ല. അതിനാല്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരായി സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് വിധേയമായി കൊന്ന് സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയുമാണ്.
നാടന്‍ കുരങ്ങുകളെ പട്ടിക ഒന്നില്‍ നിന്നും പട്ടിക രണ്ടിലേക്ക് മാറ്റുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. അങ്ങനെ മാറ്റുന്നപക്ഷം അവയുടെ ജനനനിയന്ത്രണത്തിനും ആവശ്യമെങ്കില്‍ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കുന്നതിനും സാധിക്കുന്നതാണ്. കേന്ദ്രനിയമത്തിലുള്ള ഭേദഗതി ആയതിനാല്‍ ബില്‍ ഗവര്‍ണര്‍ വഴി രാഷ്ട്രപതിക്ക് അയച്ച് അനുമതി ലഭിക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരുന്നതാണ്.
കേരള വന ഭേദഗതി ബില്‍ ദേദഗതി
സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ച് വില്‍പന നടത്തുന്നതിനുള്ള വ്യവസ്ഥകളാണ് പ്രധാനമായും വന ഭേദഗതി ബില്ലില്‍ ഉള്ളത്. വില്‍പ്പന നടത്തുന്ന ചന്ദന മരത്തിന്റെ വില കര്‍ഷകന് ലഭ്യമാകുന്നതിലൂടെ സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സാധ്യമാകുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
ഇപ്പോള്‍ സ്വന്തം ഭൂമിയില്‍ നിന്നും ചന്ദനമരം മോഷണം പോയാലും സ്ഥലം ഉടമക്കെതിരെ കേസ് എടുക്കേണ്ടി വരുന്നു. അതിനാല്‍ തന്നെ ചന്ദനമരം വച്ചു പിടിപ്പിക്കാന്‍ ആളുകള്‍ തയ്യാറാവുന്നില്ല. നിലവിലുള്ള നിയമപ്രകാരം ഉണങ്ങിയ ചന്ദനമരങ്ങളും അപകടകരമായവയും മുറിക്കുന്നതിനു മാത്രമാണ് അനുമതിയുള്ളത്. സ്വന്തം ആവശ്യത്തിന് വീടു വയ്ക്കുന്നതിനുള്ള സ്ഥലത്തെ മരവും മുറിയ്ക്കാന്‍ അനുമതി നല്‍കുന്നതാണ്.
കോടതിയില്‍ എത്തുന്ന വന കുറ്റകൃത്യങ്ങള്‍ രാജിയാക്കാന്‍ (compound) ഇപ്പോള്‍ നിയമത്തില്‍ വ്യവസ്ഥയില്ല. അങ്ങനെയുള്ള ചില കുറ്റകൃത്യങ്ങള്‍ കോടതിയുടെ അനുമതിയോടെ രാജിയാക്കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇപ്രകാരം കുറ്റങ്ങള്‍ രാജിയാക്കുന്നപക്ഷം ജയില്‍ ശിക്ഷ ഒഴിവായി കിട്ടും എന്നതാണ് ഇതിന്റെ പ്രത്യേകത.
1961മുതല്‍ വനം വാച്ചര്‍മാര്‍ക്കുണ്ടായിരുന്ന അധികാരം ഒഴിവാക്കി. കഴിഞ്ഞ 64 വര്‍ഷമായുണ്ടായിരുന്ന അധികാരം എടുത്ത് കളഞ്ഞതില്‍ വനം വകുപ്പ് ജീവനക്കാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇത് പരിഗണിക്കാതെയാണ് മാറ്റം വരുത്തിയത്. എന്നാല്‍ വാച്ചര്‍മാരുടെ പേര് ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് എന്ന് മാറ്റം വരുത്തി.