വനവിദ്യാഭ്യാസ പങ്കാളിത്തം: കേരളത്തിന്റെ പുതിയ ചുവടുവയ്പ്പ്
സംസ്ഥാനത്തെ തെരഞ്ഞെടുത്ത നൂറു കോളേജുകളെ Knowledge Partner Institutions (KPIs) ആയി പ്രഖ്യാപിച്ചു വന മേഖലകളുമായി ബന്ധപ്പെട്ട ഗവേഷണ, അവബോധ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സ്ഥിര പങ്കാളികളാക്കാന്‍ പദ്ധതിയൊരുങ്ങുന്നു. വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയില്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രനാണ് പദ്ധതി പ്രഖ്യാപിച്ചത്. KPI സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വനം, വന്യജീവി വിഷയങ്ങളില്‍ ഇന്റേണ്‍ഷിപ്, ചെറുഗവേഷണങ്ങള്‍ തുടങ്ങിയവ ചെയ്യാന്‍ പദ്ധതി വഴി സാധിക്കും. വനം വകുപ്പിന്റെ ശാസ്ത്രീയ വന സംരക്ഷണ പ്രവര്‍ത്തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുന്ന വിവിധ ജീവി വര്‍ഗ്ഗങ്ങളുടെ സര്‍വ്വേകള്‍, പ്രധാന ജീവിയിനങ്ങളുടെ കണക്കെടുപ്പ്, പ്രകൃതി പഠന പരിപാടികള്‍ എന്നിവയില്‍ ഈ വിധം KPI സ്ഥാപനങ്ങളെ പങ്കാളികളാക്കുന്നത് വഴി വനം വകുപ്പിനും യുവ ഊര്‍ജ്ജവും പുതുതലമുറയുടെ വനം പരിസ്ഥിതി വിദ്യാഭ്യാസവും ഉറപ്പാക്കാനാകും. കോഴിക്കോട് ചേളന്നൂര്‍ ശ്രീനാരായണഗുരു കോളേജില്‍ നടന്ന വന്യജീവി വാരാഘോഷ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി അധ്യക്ഷത വഹിച്ചു. വനശ്രീയിലെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ട്രീ ബാങ്കിങ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും നക്ഷത്രവനം, ശലഭോദ്യാനം എന്നിവ വിജയകരമായി പൂര്‍ത്തിയാക്കിയ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും പുതുതായി അംഗീകാരം ലഭിച്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുമുള്ള ഉപഹാരങ്ങളും സമ്മാനിച്ചു.