Panchayat representatives will be trained on wildlife issues.

പഞ്ചായത്ത് ജനപ്രതിനിധികൾക്ക് വന്യജീവി വിഷയത്തിൽ പരിശീലനം നൽകും

പുതുതായി ചുമതലയേൽക്കുന്ന പഞ്ചായത്ത് അംഗങ്ങൾക്ക് കില നൽകുന്ന പരിശീലനത്തിൽ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം സംബന്ധിച്ചും പരിശീലനം നൽകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) നടത്തുന്ന പരിശീലന പരിപാടിയിൽ വനം, വന്യജീവി സംബന്ധമായ വിഷയങ്ങളും മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളും ഉൾപ്പെടുത്തുന്നതിനായുള്ള പ്രൊപ്പോസൽ വനം വകുപ്പ് തയ്യാറാക്കി നൽകി.

മനുഷ്യ-വന്യജീവി സംഘർഷങ്ങളുടെ കാരണങ്ങൾ, സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും നിവാരണം ചെയ്യുന്നതിനുമുള്ള പരിഹാര മാർഗ്ഗങ്ങൾ, സംഘർഷ നിവാരണത്തിനായി സർക്കാർ ചെയ്തു വരുന്ന കാര്യങ്ങൾ, വനം വകുപ്പിന്റെ പത്തിന മിഷനുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നടത്തുന്ന മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടി, വനത്തോട് ചേർന്ന തോട്ടങ്ങളിലെ അടിക്കാടുകൾ നീക്കം ചെയ്യൽ, ജനവാസമേഖലയുമായി ചേർന്നു വരുന്ന വനാതിർത്തികളിൽ നിർമിച്ചിട്ടുള്ള സോളാർ വേലിയുടെ പരിപാലനം, ജനവാസ മേഖലയിൽ അപകടമുണ്ടാക്കുന്ന കാട്ടുപന്നികളെ ഇല്ലായ്‌മ ചെയ്യുന്നതിനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കൽ, വന്യജീവി സംഘർഷ നിവാരണത്തിനായി സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുള്ള RRT കളുടേയും പ്രൈമറി റെസ്പോൺസ് ടീമുകളുടേയും പ്രവർത്തനം, സംഘർഷ ബാധിത ലാൻഡ്സ്കേപ്പുകളും ഹോട് സ്പോട്ടുകളും, മനുഷ്യ-ജീവി സംഘർഷ ലഘൂകരണത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് മുതലായ വിഷയങ്ങളാണ് പ്രൊപ്പോസലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.