മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി അഡ്വ.കെ.രാജു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 152 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുമായി വീഡിയോ കോൺഫറൻസിലൂടെ മുഖാമുഖം നടത്തി. സുഭിക്ഷകേരളം പദ്ധതിയിലൂടെ ക്ഷീരമേഖലയ്ക്ക് കർഷകരുടെ സാമൂഹിക സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടുള്ള സമഗ്രവികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. സുഭിക്ഷകേരളം പദ്ധതിയിൽ വിവിധ ഇനങ്ങളിലായി 2020 നവംബർ വരെ 11.04 കോടി രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ക്ഷീരമേഖലയിൽ ചെലവഴിച്ചിട്ടുണ്ട്. ക്ഷീരമേഖലയെ കുടുംബശ്രീ മിഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തുന്നതിലൂടെ പാലുല്പാദനം, തീറ്റപ്പുൽ ഉല്പാദനം, ക്ഷീരോല്പന്ന നിർമ്മാണം, ജൈവവള നിർമ്മാണ മേഖലകളിൽ വനിതാ ശാക്തീകരണം ഉറപ്പുവരുത്താവുന്നതാണ്. തൃതലപഞ്ചായത്തുകളുടെ സംയോജിത പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലൂടെയും അവ കേന്ദ്ര-സംസ്ഥാന പദ്ധതികളുമായി ഏകോപിപ്പിക്കുന്നതിലൂടെയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും സാധിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ, അധികമായി ഉല്പാദിപ്പിക്കുന്ന പാൽസംഭരണത്തിനുള്ള പ്രത്യേക കർമ്മ പദ്ധതികൾ നടപ്പാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷീരവികസന പ്രവർത്തനങ്ങൾക്കായി ജനപ്രതിനിധികൾക്ക്് മന്ത്രി പൂർണ്ണ പിന്തുണ അറിയിച്ചു. വെബിനാറിൽ ക്ഷീരവികസന വകുപ്പ് ഡയറക്ടർ മിനിരവീന്ദ്രദാസ് പങ്കെടുത്തു.