ഒളകര ഭൂപ്രശ്നം : അനുകൂല തീരുമാനമുണ്ടാകും – മന്ത്രി കെ രാജു
ഒളകരയില്‍ ആദിവാസികള്‍ക്ക് വനഭൂമി വിതരണം നടത്തുന്നതുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനമുണ്ടാകുമെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു. ഒളകര മാതൃക ഫോറസ്റ്റ് സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ ഭരണകൂടം മാനുഷിക പരിഗണനയോടെയാണ് വിഷയത്തെ സമീപിച്ചിട്ടുള്ളത്. സര്‍വ്വേ നടപടികളടക്കം പൂര്‍ത്തിയായി വരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നല്ല വനഭൂമി വിതരണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ആദിവാസികള്‍ക്ക് അവകാശമുള്ള ഭൂമി നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ താല്പര്യമെന്നും നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
വനവും വന്യജീവികളെയും സംരക്ഷിക്കുന്നതിന് നിര്‍ണ്ണായ പങ്കാണ് വനം വകുപ്പ് നടത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ക്കുള്ള ക്വാട്ടേഴ്സുകള്‍ നവീകരിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കി വരുന്നതായും മന്ത്രി പറഞ്ഞു. പീച്ചി , വാഴാനി വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍ വരുന്ന ഒളകര ഫോറസ്റ്റ് സ്റ്റേഷന്റെ പുതിയ കെട്ടിടം 25 ലക്ഷം രൂപ മുടക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ചീഫ് വിപ്പ് കെ രാജന്, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്, തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ വി സജു, ചീഫ് ഉത്തരമേഖല വന്യ ജീവി വിഭാഗം ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.വിജയാനന്ദന്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റര്‍ സുരേന്ദ്രകുമാര്‍, ഒളകര ഊര് മൂപ്പത്തി മാധവി, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.