പേവിഷ വാക്സിന് നിര്‍മ്മാണം സജീവ പരിഗണനയില്‍: മന്ത്രി കെ. രാജു
പേവിഷബാധയ്ക്കെതിരായ വാക്സിന് ഉല്പാദനം സംസ്ഥാന സര്‍ക്കാര്‍ സജിവമായി പരിഗണിച്ചു വരികയാണെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന-വനം-വന്യജീവി വകുപ്പു മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. മനുഷ്യരിലും മൃഗങ്ങളിലും ഉപയോഗിക്കുവാന്‍ കഴിയുന്ന പേവിഷ പ്രതിരോധ മരുന്നു നിര്‍മ്മാണത്തിനുളള പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിക്കഴിഞ്ഞു. 460 കോടി രൂപ ചെലവു വരുന്ന ഈ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇത് നടപ്പിലാക്കുവാന്‍ കഴിയുന്നതോടെ പേവിഷബാധപ്രതിരോധ രംഗത്ത് മൃഗസംരക്ഷണ മേഖലയ്ക്കു തന്നെ അഭിമാനകരമായ നേട്ടമാകുമെന്ന് മന്ത്രി പറഞ്ഞു.
ഹരിതകേരളമിഷന്റെ സഹായത്തോടെ പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്‍ഡ് വെറ്ററിനറി ബയോളജിക്കല്‍സില്‍ നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ഉദ്ഘാടനവും, സൗരോജ്ജ പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ സംസ്ഥാനഗവണ്മെന്റിന്റെ ശക്തമായ ഇടപെടലുളുടെ ഫലമായി മൃഗസംരക്ഷണ -വന മേഖലകളില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 3.10 ശതമാനം വനവിസ്തൃതി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് ഏതെങ്കിലും കര്‍ഷകരുടെ ഭൂമിയില്‍ നിന്ന് അവരെ ഒഴിപ്പിച്ചു കൊണ്ടല്ല, മറിച്ച് സ്വകാര്യ വ്യക്തികളില്‍ നിന്നും എസ്റ്റേറ്റുകളില്‍ നിന്നുമൊക്കെ ഭൂമി ഏറ്റെടുത്താണ് ചെയ്തത്. ഇതിന്റെ ഫലമായി വന്യജീവികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട് വന്യജീവികള്‍ വനത്തിനുളളില്‍ വേണ്ടത്ര ഭക്ഷണം കിട്ടാതെ വരുമ്പോഴാണ് ജനവാസകേന്ദ്രത്തിലേയ്ക്ക് ഇറങ്ങിവരുന്നത്. ഇത് ജന്തുക്കളും മനുഷ്യരും തമ്മിലുളള സംഘര്‍ഷങ്ങള്‍ക്കു മാത്രമല്ല, ജന്തുജന്യരോഗങ്ങള്ക്കുളള സാധ്യതയും വര്‍ധിപ്പിക്കുന്നുണ്ട്. ഇതിനു പരിഹാരമായി വന്യജീവികളെയും പാമ്പുകളെയുമൊക്കെ അടിച്ചുകൊല്ലുന്ന പ്രവണത ശരിയല്ല. കാരണം ഈ ഭൂമി മനുഷ്യര്ക്കുമാത്രമായുളളതല്ല. ജന്തുക്കള്‍ക്കും പക്ഷി-മൃഗാദികള്‍ക്കും അവകാശപ്പെട്ടതാണ്. അഥവാ, അവയുടെ കൂടി നിലനില്പും സംരക്ഷണവും നമ്മുടെ ഭൂമിയുടെ സുസ്ഥിര നിലനില്‍പ്പിന് ഒഴിച്ചു കൂടാനാവാത്ത കാര്യമാണെന്ന അവബോധം നാം സൃഷ്ടിക്കേണ്ടതുണ്ട്.
സംസ്ഥാനത്ത് കഴിഞ്ഞ നാലരവര്‍ഷത്തിനിടയില്‍ കന്നുകാലികളുടെ എണ്ണത്തിലും ശ്രദ്ധേയമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2019 ലെ കന്നുകാലി സെന്‍സസ് ഇത് ശരിവയ്ക്കുന്നുമുണ്ട്. ഇതുമൂലം പാലുല്പാദനം 94 % ആക്കി വര്‍ധിപ്പിക്കാന്‍ നമുക്കു കഴിഞ്ഞു. പാലുല്പാദനം, കോഴിവളര്‍ത്തല്‍, മുട്ടയുല്പാദനം എന്നിവയിലെല്ലാം നമുക്ക് സ്വയം പര്യാപ്തത കൈവരിക്കേണ്ടതുണ്ട്.
വന സംരക്ഷണ മേഖലയില്‍ നവീനപദ്ധതിയെന്ന നിലയിലാണ് നക്ഷത്രവാരം പദ്ധതി ആരംഭിച്ചിട്ടുളളത്. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം കൂടി ഇതില്‍ പ്രയോജനപ്പെടുത്തുന്നത് വലിയതോതില്‍ മാറ്റങ്ങളുണ്ടാക്കാന്‍ സഹായകരമാകും.
നിപ്പയ്ക്കും കോവിഡ്-19 പോലുളള അത്യപൂര്‍വ്വ രോഗങ്ങളുടെ പ്രതിരോധത്തിനും ചികിത്സയ്ക്കും ആവശ്യമായ ലാബോറട്ടറി സഹായവും പിന്തുണയും നല്കുന്നതില് അഭിമാനകരമായ പാരമ്പര്യമുളള സ്ഥാപനമാണ് പാലോടുളള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്‍ഡ് വെറ്ററിനറി ബയോളജിക്കല്‍സും, ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും എന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
യോഗത്തില്‍ വാമനപുരം എം.എല്‍.എ. അഡ്വ. ഡി. കെ മുരളി അദ്ധ്യക്ഷനായിരുന്നു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. സി. മധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഇ.ജി. പ്രേംജെയിന്, ചീഫ് ഡിസീസ് ഇന്വെസിറ്റിഗേഷന് ഓഫീസര്‍ ഡോ. ബേബി ജോസഫ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. എം. ദിലീപ് സ്വാഗതവും, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്‍ഡ് വെറ്ററിനറി ബയോളജിക്കല്‍സ് ഡയറക്ടര്‍ ഡോ. ടെറന്‍സ് റെമഡി നന്ദിയും പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ സുരേഷ്, വൈസ് പ്രസിഡന്റ് രാധ, വാര്ഡ്മെമ്പര് ഗിരിജ കുമാരി എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.