വനമഹോത്സവം- 2020 സംസ്ഥാനതല ഉദ്ഘാടനം തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ വനം മന്ത്രി അഡ്വ. കെ.രാജു നിർവഹിച്ചു. പാർക്കിൽ ലാൻഡ്‌സ്‌കേപ്പ് വൃക്ഷവത്കരണത്തിന്റെയും അതിജീവന വനത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഭൂമിയിൽ ജീവന്റെ നിലനില്പിന്റെ ആധാരശില വനമാണെന്ന് മന്ത്രി പറഞ്ഞു. ഭൂമിയിലെ മുഴുവൻ വിഭവങ്ങളുടെയും ഉടമ മനുഷ്യൻ ആണെന്ന ധാരണയിൽ മാറ്റം വന്നിട്ടുണ്ട്. പുത്തൂർ സുവോളജിക്കൽ പാർക്കിൽ 136 ഹെക്ടറിൽ ഒമ്പത് മേഖലകളാക്കി തിരിച്ച് 10 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. വൃക്ഷത്തൈ നടീൽ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സുവോളജിക്കൽ പാർക്കിനെ ഒമ്പത് വ്യത്യസ്ത മേഖലകളാക്കി തിരിച്ച് ഓരോ മേഖലയ്ക്കും അനുയോജ്യമായ വനവൃക്ഷങ്ങൾ, മുളകൾ, പനകൾ, പൂമരങ്ങൾ, ചെടികൾ, വള്ളികൾ, ചെറുസസ്യങ്ങൾ, ജലസസ്യങ്ങൾ ഉൾപ്പെടെയാണ് പത്ത് ലക്ഷത്തോളം തൈകൾ വെച്ചുപിടിപ്പിക്കുക. പാർക്കിലെ കൂടുകളുടെ നിർമ്മാണ പ്രവർത്തനം മന്ത്രി നേരിട്ട് സന്ദർശിച്ച് വിലയിരുത്തി.
ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ അധ്യക്ഷത വഹിച്ചു. പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ഇ.എ.ഓമന, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പാർക്ക് സ്‌പെഷ്യൽ ഓഫീസർ കെ.ജെ. വർഗീസ്, മധ്യമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദീപക് മിശ്ര, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രമോദ് ജി കൃഷ്ണൻ എന്നിവർ സംസാരിച്ചു. വനം വകുപ്പ് മേധാവി പി.കെ.കേശവൻ സ്വാഗതവും ഡെപ്യൂട്ടി കൺസർവേറ്റർ ആൻഡ് സ്‌പെഷ്യൽ ഓഫീസർ കെ.എസ്. ദീപ നന്ദിയും പറഞ്ഞു.