വനം-വന്യജീവി വകുപ്പ് ആവിഷ്‌ക്കരിച്ച നഗര വനം പദ്ധതി വടക്കാഞ്ചേരി ഓട്ടുപാറ ടൗണിൽ വനം വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്തു. നഗര ഹൃദയത്തിൽ വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ചെറു സ്ഥലങ്ങളിൽ ഹ്രസ്വവനം സൃഷ്ടിച്ച്, വായുമലിനീകരണം കുറയ്ക്കാനായി ശുദ്ധവായു പ്രദാനം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നേരത്തെ ചെക്ക്പോസ്റ്റ് ആയിരുന്ന 5.78 സെന്റ് ഭൂമി മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരുന്നു. ഈ മാലിന്യങ്ങൾ നീക്കിയാണ് മരങ്ങളും ചെറു മരങ്ങളും വള്ളിചെടികളും നട്ടത്.
ചടങ്ങിൽ അനിൽ അക്കര എം.എൽ.എ അധ്യക്ഷനായി. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയായി. വനം വകുപ്പ് മേധാവി പി കെ കേശവൻ, മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.