കോവിഡ് 19 പശ്ചാത്തലത്തിൽ ഔഷധസസ്യവൃക്ഷലതാദികളുടെ പ്രാധാന്യം പൊതുജനങ്ങളെ മനസ്സിലാക്കുന്നതിന്റെ ഭാഗമായി പുത്തൂർ സുവോളജിക്കൽ പാർക്കിൽ സംഘടിപ്പിക്കുന്ന വനമഹോത്സവം- 2020 ന്റെ ഭാഗമായി വൃക്ഷവത്കരണം, ലാൻഡ്‌സ്‌കേപ്പിങ്ങ്, അതിജീവനവന നിർമ്മാണം എന്നിവയുടെ ഉദ്ഘാടനം ജൂലൈ രണ്ടിന് രാവിലെ 10 മണിക്ക് വനം, മൃഗസംരക്ഷണ, മൃഗശാല വകുപ്പ് മന്ത്രി അഡ്വ കെ രാജു നിർവഹിക്കും. ഗവൺമെന്റ് ചീഫ് വിപ്പും ഒല്ലൂർ എംഎൽഎയുമായ അഡ്വ കെ രാജൻ അധ്യക്ഷത വഹിക്കും. സുവോളജിക്കൽ പാർക്കിനെ 9 വ്യത്യസ്ത മേഖലകളായി തിരിച്ച് വൈവിധ്യങ്ങളായ 10 ലക്ഷത്തിലേറെ തൈകൾ വച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള തൃശ്ശൂരിലെ മൃഗശാല പുത്തൂർ വനമേഖലയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. 2018 ഫെബ്രുവരിയിൽ ആരംഭിച്ച ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുന്ന പക്ഷിക്കൂട്, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, കാട്ടുപോത്ത് എന്നിവയ്ക്കുള്ള നാലു വാസ സ്ഥലങ്ങളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. 2020 അവസാനത്തോടെ തൃശൂർ മൃഗശാലയിലെ മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റുകയാണ് ലക്ഷ്യം. 338 ഏക്കർ വനഭൂമിയിൽ വനൃമൃഗങ്ങൾക്കായി 23 വാസ്ഥലങ്ങൾ, സൂ ആശുപത്രി, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നവിയുൾപ്പെട്ട ഇന്ത്യയിലെ ആദ്യ സുവോളജിക്കൽ പാർക്ക് ആയി പുത്തൂർ പാർക്കിനെ മാറ്റുകയാണ് പദ്ധതി. 360 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്ബിയിൽ നിന്നു 269.75 കോടി രൂപ അനുവദിച്ചു. ബാക്കി തുക സംസ്ഥാനവിഹതമായി ലഭിക്കും.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് രണ്ടും, മൂന്നും ഘട്ടങ്ങളിലായി 19 വാസസ്ഥലങ്ങളുടെ നിർമ്മാണം കേന്ദ്ര പൊതുമരാമത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന ഏഴ് വാസ സ്ഥലങ്ങളുടെയും, പാർക്കിംഗ് സോൺ, ഓറിയന്റേഷൻ സെന്റർ, ബയോ ഡൈവേഴ്സിറ്റി സെന്റർ, സർവ്വീസ് റോഡ്, ട്രാം റോഡ് മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവയുടെ നിർമ്മാണവും കൂടാതെ മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയ 11 വാസസ്ഥലങ്ങളുടെയും, മറ്റു അനുബന്ധ സൗകര്യങ്ങൾ, ജലവിതരണ സംവിധാനങ്ങൾ, വൈദ്യുതീകരണം എന്നിവ നിർമ്മാണവും അതിവേഗം പുരോഗമിക്കുന്നു.
വിവിധ ജീവികളുടെ ആവാസവ്യവസ്ഥക്ക് അനുയോജ്യമായ ഒരു ലാൻഡ്സ്‌കേപ്പാണ് സുവോളജിക്കൽ പാർക്കിൽ വിഭാവനം ചെയ്തിട്ടുള്ളത്. പാർക്കിലെ ഒൻപത് വ്യത്യസ്ത മേഖലകളിൽ ഓരോ മേഖലയ്ക്കും അനുയോജ്യമായ വനവൃക്ഷങ്ങൾ, മുളകൾ, പനകൾ, പൂമരങ്ങൾ, ചെടികൾ, വള്ളികൾ, ചെറുസസ്യങ്ങൾ, ജലസസ്യങ്ങൾ എന്നിവയാണ് വെച്ചുപിടിപ്പിക്കുക. ഇതിൽ പതിനായിരത്തോളം വനവൃക്ഷങ്ങൾ, അത്രയുംതന്നെ മുളകൾ, പനകൾ എന്നിവയുടെ നടീലാണ് വനമഹോത്സവത്തിന്റെ ഭാഗമായി നടപ്പാക്കുക. അതോടൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന വൃക്ഷ, സസ്യലതാദികൾ ഉൾപ്പെടുന്ന പ്രദർശന തോട്ടം ‘അതിജീവനവനം’ എന്ന പേരിലും സുവോളജിക്കൽ പാർക്കിൽ സ്ഥാപിക്കുന്നു.
കോവിഡ് 19 മാനദണ്ഡമനുസരിച്ച് ചേരുന്ന യോഗത്തിൽ ജനപ്രതിനിധികൾ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷി നേതാക്കൾ, സാംസ്‌കാരിക പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുക്കുമെന്ന് ജില്ലാ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് സ്പെഷ്യൽ ഓഫീസർ തൃശൂർ സൂവോളജിക്കൽ പാർക്ക് അറിയിച്ചു.