കഴിഞ്ഞ 34 വര്‍ഷം കൊണ്ട് കുറഞ്ഞിരുന്ന കാലി സമ്പത്തില്‍ 1 മുതല്‍ 11/2 ഇരട്ടി വരെ വര്‍ദ്ധനയുണ്ടായതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു. ഭാരതത്തിലും പ്രത്യേകിച്ച് കേരളത്തിലും കാലിവളര്‍ത്തുന്നവരുടെ എണ്ണം കൂടുതലാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിവന്നവര്‍ കൂടുതലായി ഈ മേഖല തിരഞ്ഞെടുക്കുന്നു. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഒന്നാം ഘട്ടം കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കുടപ്പനക്കുന്ന് ഗോ രക്ഷാ ആസ്ഥാന കേന്ദ്രത്ത് നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഗോരക്ഷാ പദ്ധതി പ്രകാരം നഷ്ട പരിഹാര വിതരണം മന്ത്രി നിര്‍വ്വഹിച്ചു. ചടങ്ങില്‍ കുടപ്പനക്കുന്ന് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. അനിത അദ്ധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുകയുണ്ടായി. ആദ്യഘട്ടത്തില്‍ പശുവിനേയും എരുമയേയും വാക്സിനേറ്റ് ചെയ്യും. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ വീട് വീടാന്തരം കയറി വാക്സിനേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കും.