വടക്കാഞ്ചേരി കൊറ്റമ്പത്തൂര്‍ ഇല്ലിക്കുണ്ട് വനമേഖലയില്‍ കാട്ടു തീ കെടുത്തുന്നതിനിടെ വെന്തു മരിച്ച മൂന്ന് വനപാലകരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം വനം വകുപ്പ് മന്ത്രി കെ രാജു വിതരണം ചെയ്തു. സര്‍ക്കാരിന്റെ ധനസഹമായ 7.5 ലക്ഷം രൂപയും വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ 1 ലക്ഷം രൂപയും ആണ് ഇവരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയത്. അടിയന്തിര ധനസഹായമായി 50000 രൂപ വീതം നേരത്തെ നല്‍കിയിരുന്നു. വാളയാര്‍ ഫോറസ്റ്റ് സ്‌കൂളില്‍ നടന്ന പാസിംഗ് ഔട്ട് പരേഡ് ചടങ്ങിലാണ് വനം ട്രൈബല്‍ വാച്ചര്‍ ദിവാകരന്റെ കുടുംബത്തിനുള്ള ധനസഹായം നല്‍കിയത്. താല്‍ക്കാലിക ജീവനക്കാരായ വടക്കാഞ്ചേരി കൊടുമ്പ് വട്ടപ്പറമ്പില്‍ ശങ്കരന്‍, എടവണ്ണ വളപ്പില്‍ വേലായുധന്‍ എന്നിവരുടെ വീടുകളില്‍ നേരിട്ടെത്തിയാണ് മന്ത്രി ധനസഹായം കുടുംബങ്ങള്‍ക്ക് നല്‍കിയത്. സ്ഥിരം ജീവനക്കാരനായ ദിവാകരന്റെ അവകാശിക്കുള്ള ആശ്രിത നിയമനം ദ്രുതഗതിയില്‍ ആക്കുമെന്നും താല്‍ക്കാലിക വാച്ചര്‍മാരുടെ അവകാശികള്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ചെറുതുരുത്തിയില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ അക്കേഷ്യ മരങ്ങളുടെ എസ്റ്റേറ്റിലുണ്ടായ തീ പിടുത്തത്തിലാണ് വനപാലകരുടെ ജീവന്‍ നഷ്ടപെട്ടത്. തൃശൂര്‍ ജില്ലാ ഫോറെസ്റ്റ് ഓഫീസര്‍ എ രഞ്ജന്‍ മന്ത്രിയെ അനുഗമിച്ചു.