മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമായ ‘രോഹിണി സംഗമം- കന്നുകുട്ടി കിടാരി പ്രദര്‍ശനം, സെമിനാര്‍, ക്വിസ് എന്നിവയുടെ ഉദ്ഘാടനം ഡിസംബര്‍ 18 ബുധനാഴ്ച നാവായിക്കുളം പഞ്ചായത്തിലെ ശങ്കര നാരായണസ്വാമി ക്ഷേത്ര പരിസരത്ത് വച്ച് വര്‍ക്കല എം.എല്‍.എ അഡ്വ. വി. ജോയിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ വനം വന്യജീവി, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിര്‍വ്വഹിച്ചു. ആറ്റിങ്ങല്‍ എം.പി. അഡ്വ. അടൂര്‍ പ്രകാശ് മുഖ്യാതിഥിയായിരുന്നു.
പ്രസ്തുത ചടങ്ങില്‍ ആറ്റിങ്ങല്‍ പ്രാദേശിക മൃഗസംരക്ഷണ ഓഫീസിന്‍ കീഴിലെ മുഴുവന്‍ ഓഫീസുകളും പൂര്‍ണ്ണമായി ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറിയതിന്റെ പ്രഖ്യാപനം നടന്നു. ചടങ്ങിനോടനുബന്ധിച്ച് നടന്ന കന്നുകുട്ടി, പ്രദര്‍ശനത്തില്‍ നൂറിലധികം ഉരുക്കള്‍ പങ്കെടുത്തു. മികച്ച കന്നുകുട്ടി, കിടാരി, മികച്ച പശു എന്നിവയ്ക്ക് സമ്മാനങ്ങള്‍ നല്‍കുകയുണ്ടായി. ക്ഷിര കര്‍ഷകര്‍ക്കായി സെമിനാറും ക്വിസ് മത്സരവും നടന്നു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എം.കെ. പ്രസാദ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, ഡോ. ബി. അരവിന്ദ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഇ.ജി പ്രേംജെയിന്‍, നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.