ആനയെ എഴുന്നെള്ളിച്ചുള്ള ക്ഷേത്ര ആചാരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തില്ലെന്ന് വനം വന്യ ജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു. തൃശൂരില്‍ ആനയുടമാ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും നിശ്ചയിച്ചിട്ടുള്ള അവസാന തീയതിക്കുള്ളില്‍ അതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ രജിസ്‌ട്രേഷന് സഹായകമായ നിലപാട് എടുക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും ജില്ലാ കളക്ടര്‍ അധ്യക്ഷനായ മോണിറ്ററിങ് സമിതി രൂപീകരിക്കും. ജില്ലാ പോലീസ് സൂപ്രണ്ട്, മൃഗ ഡോക്ടര്‍, ആന ഉടമ പ്രതിനികള്‍, പാപ്പാന്മാര്‍, ആന തൊഴിലാളികള്‍ എന്നിവര്‍ ഈ സമിതിയുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ആന ഉടമ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ജി കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.