പാൽ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ കേരളം ഉടനെ തന്നെ സ്വയം പര്യാപ്തത നേടുന്ന സംസ്ഥാനമാകുമെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു. പാൽ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ കേരളത്തിലെ മലബാർ മേഖല സ്വയം പര്യാപ്തമാണ്. തെക്കൻ മേഖല കൂടി സ്വയംപര്യാപ്തം ആകുന്നതോടെ രണ്ടുമാസത്തിനുള്ളിൽ കേരളം മുഴുവനായും ഇക്കാര്യത്തിൽ സ്വയംപര്യാപ്തമാകും. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ എടവിലങ്ങ് മോഡൽ പഞ്ചായത്താകുന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം എടവിലങ്ങ് ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാൽ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ രണ്ട് ശതമാനം വർധനവാണ് ഈ വർഷം ഉണ്ടായത്. കേരളത്തിലെ ഓരോ പഞ്ചായത്തുകളും പാലുല്പാദനത്തിൽ സ്വയം പര്യാപ്തത നേടണം. കേരളത്തിലെ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്ന രീതിക്ക് ഗണ്യമായ മാറ്റം വരുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് സഹകരിച്ച് നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. വളർത്തുമൃഗങ്ങളെ പരിപാലിക്കുന്ന പഴയ തലമുറയുടെ രീതി പിന്തുടരാൻ പുതുതലമുറയെയും ശീലിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എടവിലങ്ങ് ഗവ. സ്‌കൂളിലെ 3 വിദ്യാർത്ഥികൾക്ക് ആട്, കോഴി തുടങ്ങിയ വളർത്തുമൃഗങ്ങളെ വിതരണം ചെയ്ത് സ്‌കൂളുകളിൽ ഗോട്ട് ക്ലബ്, പൗൾട്രി ക്ലബ്ബ് എന്നിവ രൂപീകരിച്ച് ആടുകളെയും കോഴികളെയും നൽകുന്ന പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. 15 കിലോ തൂക്കം വരുന്ന 50 ആടുകളെയും കോഴികളെയുമാണ് വിദ്യാർഥികൾക്ക് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുക.
ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ അബീദലി മുഖ്യാതിഥിയായി. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എം.കെ. പ്രസാദ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബി.ജി വിഷ്ണു, ജില്ലാ മൃഗസംരക്ഷണ ഓഫീസർ എം.കെ. ഗിരിജ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് മിനി തങ്കപ്പൻ, എടവിലങ്ങ് വെറ്റിനറി സർജൻ പി.കെ. ശബ്‌ന, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.