മുസിരിസ് പൈതൃക പദ്ധതിയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ സഹായം ലഭ്യമാക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു. മുസിരിസ് പദ്ധതിയ്ക്ക് പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട് അലങ്കാര വൃക്ഷങ്ങളോ മറ്റ് വൃക്ഷങ്ങളോ നട്ട് പിടിപ്പിക്കാനുള്ള സഹായമാണ് നൽകുക. ഇതിനുള്ള പദ്ധതി അധികൃതർ തയ്യാറാക്കി നൽകുകയാണെങ്കിൽ ആവശ്യമായ സഹായം വനം വകുപ്പ് നൽകും. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി അഴീക്കോട് മാർത്തോമ തീർഥാടന കേന്ദ്രത്തിനു ചേർന്ന് സ്ഥാപിക്കുന്ന മാർത്തോമ മുസിരിസ് ബോട്ട് ജെട്ടിയുടെ ഉദ്ഘാടനം അഴീക്കോട് മാർത്തോമ തീർത്ഥാടന കേന്ദ്രത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ചരിത്രവും ഭൂമിശാസ്ത്രവും തേടി വരുന്നവർക്ക് അവശ്യ സൗകര്യങ്ങൾ ഉണ്ടാക്കേണ്ട കടമ നമുക്കുണ്ട്. സംസ്‌കാരിക ടൂറിസം മേഖലയ്ക്ക് സംസ്ഥാന സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി അഞ്ചു ബോട്ട് ജെട്ടികളാണ് പൂർത്തീകരിക്കുക. ഇതിൽ മാർത്തോമ ചർച്ച് ജെട്ടിയടക്കം മൂന്നെണ്ണത്തിന്റെ പണി പൂർത്തിയായി. തിരുവഞ്ചിക്കുളം ക്ഷേത്രം ജെട്ടി, ഗോതുരുത്ത് ജെട്ടി, പള്ളിപ്പുറം ബോട്ട് ജെട്ടി, കോട്ടച്ചിറ ജെട്ടി എന്നിവയാണ് മറ്റു ജെട്ടികൾ. കൊടുങ്ങല്ലൂരിലെ എല്ലാ ചരിത്രസ്മാരകങ്ങളും ജലമാർഗ്ഗം വഴി ബന്ധിപ്പിക്കുവാൻ ഇതുവഴി സാധിക്കും ഇറിഗേഷൻ വകുപ്പിനാണ് നിർമ്മാണചുമതല. പൂർത്തിയാക്കിയ മാർത്തോമാ ചർച്ച് ജെട്ടിയ്ക്ക് 34 ലക്ഷം രൂപയാണ് വകയിരുത്തിയതെങ്കിലും ഇത് വരെയുള്ള പണികൾ പൂർത്തിയായപ്പോൾ 28,81,890 രൂപയാണ് ആകെ ചെലവായത്.
കൈപ്പമംഗലം നിയോജക മണ്ഡലം എംഎൽഎ ഇ. ടി. ടൈസൺ മാസ്റ്റർ അധ്യക്ഷനായി. എറണാകുളം മേജർ ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പി.കെ. മുഹമ്മദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എറിയാട് പഞ്ചായത്ത് പ്രസിഡണ്ട് പ്രസാദിനി മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം നൗഷാദ് കൈത വളപ്പിൽ, എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി കെ അബ്ദുള്ള, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക ശിവപ്രിയൻ, പഞ്ചായത്ത് അംഗങ്ങളായ പ്രസീന റാഫി, ജ്യോതി സുനിൽ, കെ.എ. മുഹമ്മദ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം സീന അഷ്റഫ്, മാർത്തോമാ തീർഥാടനകേന്ദ്രം സി.എം.ഐ റെക്ടർ ഫാ. ആന്റണി വെള്ളാത്തിപ്പറമ്പിൽ എന്നിവർ പങ്കെടുത്തു. മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി.എം നൗഷാദ് സ്വാഗതവും മാർക്കറ്റിംഗ് മാനേജർ അൻവർ അലി എം.എം നന്ദിയും പറഞ്ഞു.