അന്യസംസ്ഥാനങ്ങളിൽ പോയി വഞ്ചിതരാകുന്ന കന്നുകാലി കർഷകരെ രക്ഷിക്കാൻ കന്നുകാലികളുടെ ഉൽപ്പാദനക്ഷമത കൂട്ടണമെന്ന് ക്ഷീര – മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമായി ജില്ലാതല കന്നുകുട്ടി പ്രദർശനവും കാഫ് റാലി സെമിനാറും പെരിഞ്ഞനം വി.കെ. ഗോപാലൻ സ്മാരക കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരെ ചൂഷണത്തിൽ നിന്ന് രക്ഷിക്കാൻ സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. ഉൽപ്പാദനക്ഷമത കൂട്ടുവാൻ സർക്കാർ നടപ്പാക്കുന്ന ഹീബാർ പാർക്ക് പദ്ധതികൾ ഇതിനായി പ്രയോജനപ്പെടുത്തണം. പഞ്ചായത്ത് ബ്ലോക്ക് തലത്തിൽ ഇതിനായി കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കണം. വെറ്റിനറി ഡോക്ടറുടെ സേവനവും ഉപയോഗപ്പെടുത്തണം. നാലുമാസം എൻറോൾ ചെയ്യുന്ന കിടാരികൾക്ക് കാലിത്തീറ്റയുടെ പകുതി പൈസ നൽകുന്ന പദ്ധതിക്ക് സർക്കാർ തുടക്കമിട്ടുകഴിഞ്ഞു. കൂടാതെ 83 ശതമാനം തുകയും കർഷകർക്ക് കിട്ടുന്ന വിധത്തിലാണ് പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. പാൽ നൽകുന്ന കവറുകൾ പ്ലാസ്റ്റിക് നിർമാർജനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊലൂഷൻ കൺട്രോർ ബോർഡുമായി ചേർന്ന് പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. നിലവിൽ നാല് ശതമാനമാണ് ക്ഷീര കർഷകർക്ക് സബ്‌സിഡി നല്കുന്നത്. സബ്സിഡി നിരക്ക് വർദ്ധിപ്പിക്കാമെന്നോയെന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കും. കന്നുകാലികളെ വളർത്തുന്ന പാരമ്പര്യവും സംസ്‌കാരവും വീടുകളിലേക്ക് തിരികെ കൊണ്ടു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആടുവളർത്തൽ സാറ്റലൈറ്റ് യൂണിറ്റിന്റെ ഉദ്ഘാടനവും താങ്ങുപലിശ സഹായ പദ്ധതി വിതരണവും കന്നുകാലി പ്രദർശനത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ അദ്ദേഹം നിർവഹിച്ചു.
ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. കേരള മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ എം.കെ. പ്രസാദ് പദ്ധതി വിശദീകരിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലി മുഖ്യാതിഥിയായി. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത്, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, ജില്ലാ പഞ്ചായത്ത് അംഗം ബി.ജി. വിഷ്ണു, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ എം.കെ. ഗിരിജ, പെരിഞ്ഞനം പഞ്ചായത്ത് സെക്രട്ടറി വി.എം. നടേശൻ, എസ്.എൽ.പി.ബി ഡോ. കെ.പി. പ്രീത, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമായി നടത്തുന്ന ശിൽപ്പശാലയിൽ എസ്.എൽ.പി.ബി അസി. ഡയറക്ടർ എൻ. ഉഷാറാണി, കൊടുങ്ങല്ലൂർ ആർ.എ.എച്ച്.സി പ്രോജക്ട് ഓഫീസർ ഡോ. സുരേഷ്.പി.ഡി, വെറ്റനറി സർജൻ ഡോ. എ.എസ്. ലാല എന്നിവർ ക്ലാസുകൾ നയിച്ചു.