പുത്തൂരിലെ സുവോളജിക്കൽ പാർക്ക് 2020 നവംബറിൽ സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്ന് വനം – വന്യജീവി വകുപ്പ്മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങളിൽ ആദ്യഘട്ടമായി നാല് കൂടുകളുടെ നിർമാണ പ്രവർത്തനങ്ങൾ ഡിസംബറിൽ പൂർത്തിയാക്കും. ഇതിന്റെ എൺപത് ശതമാനം പണിയും പൂർത്തിയായി. സിംഹവാലൻ, കാട്ടുപോത്ത്, കരിങ്കുരങ്ങ്, പക്ഷിക്കൂട് എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കുന്ന സിംഹം, കടുവ എന്നിവയുടെ കൂടുകൾ, മൃഗങ്ങളുടെ ആശുപത്രി, വാർഡുകൾ എന്നിവയുടെ നിർമാണവും ആരംഭിച്ചു കഴിഞ്ഞു. പാർക്കിലേക്കുള്ള റോഡ്, പാർക്കിങ് സൗകര്യം, വിനോദ സഞ്ചാര പാർക്ക് എന്നിവയുടെ നിർമാണത്തിനുള്ള ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

പാർക്കിന്റെ മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂരിലെ മൃഗശാലയിൽ നിന്ന് മൃഗങ്ങളെ മാറ്റി പാർപ്പിക്കും. മൃഗങ്ങൾക്ക് കുടിവെള്ള വിതരണത്തിനായി മണലിപ്പുഴയിൽ നിന്ന് വെള്ളം എത്തിക്കുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി അനുമതി വാങ്ങിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം മുന്നിൽകണ്ട് മൂന്ന് വർഷത്തേക്ക് വരെ വെള്ളം ശേഖരിച്ചു വെയ്ക്കാനുള്ള സൗകര്യവും പാർക്കിൽ ഒരുക്കും. ഇതിനായി പാർക്കിലുള്ള ക്വാറികൾ നിലനിർത്തും. പാർക്കിലുള്ള പാറകൾ പൊടിച്ചുകളയാതെ നിലനിർത്തും. പാർക്കിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ച് ജൈവോദ്യാനവും നിർമിക്കും. സന്ദർശകർക്ക് മൃഗങ്ങളെ വീക്ഷിക്കാനുള്ള പ്രത്യേക വ്യൂ പോയന്റുകൾ നിർമിക്കും. പക്ഷികളെ കൂട്ടിലടയ്ക്കാതെ തുറന്നുവിടുന്ന സംവിധാനവും ഒരുക്കും.

356 ഏക്കറിൽ സ്ഥിതി നിർമിക്കുന്ന സുവോളജിക്കൽ പാർക്കിൽ പ്രകൃതിയെ നശിപ്പിക്കാത്ത തരത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. മുളകൾ, കാടുകൾ എന്നിവ നിലനിർത്തിക്കൊണ്ടാണ് നിർമാണം പുരോഗമിക്കുന്നത്. 320 കോടി രൂപയാണ് സുവോളജിക്കൽ പാർക്ക് നിർമിക്കാൻ സർക്കാർ അനുവദിച്ചിട്ടുള്ള തുക. ഇതിൽ 269 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ബാക്കി തുക കിഫ്ബി പദ്ധതിയിലൂടെ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ, പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, പി സി സി എഫ് സ്‌പെഷൽ ഓഫീസർ കെ ജെ വർഗീസ്, സ്‌പെഷ്യൽ ഓഫീസറും ഡെപ്യൂട്ടി കൺസർവേറ്ററുമായ കെ എസ് ദീപ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം ഡി മണി എന്നിവരും മന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു.