ആർ സി ഇ പി (റീജ്യണൽ കോംപ്രഹൻസീവ് ഇക്കണോമിക്ക് പാർട്‌നർഷിപ്പ്) കരാറിനെതിരെ നിയമസഭയിൽ സർക്കാർ പ്രമേയം കൊണ്ടുവരുമെന്ന് വനം-വന്യജീവി മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു. മണ്ണുത്തി വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവ്വകലാശാലയിലെ വിവിധ കേന്ദ്രങ്ങളുടെയും പദ്ധതികളുടെയും ഉദ്ഘാടനം സർവ്വകലാശാല ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാർ ക്ഷീരമേഖലയെ വലിയ തോതിൽ ബാധിക്കും. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കരാറിലൂടെ പാൽ ഉൾപ്പടെയുള്ളവയുടെ ഇറക്കുമതി വർധിക്കുന്നത് ലക്ഷക്കണക്കിന് വരുന്ന ക്ഷീരകർഷകരുടെ വരുമാനം ഇടിയുന്നതിന് കാരണമാകും. ഇതിന്റെ ദൂഷ്യഫലങ്ങൾക്കെതിരെ പൊതുജനാവബോധം ഉണരണം. ഗവേഷകരും അധ്യാപകരും വിദ്യാർഥികളും ഇതിന്റെ ദുഷ്ഫലങ്ങൾക്കെതിരെ അവബോധം വളർത്തണം. നിയമസഭയിൽ ഇതിനെതിരായി കൊണ്ടുവരുന്ന പ്രമേയം ഐക്യകണ്‌ഠേന പാസാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തെ അതിജീവിച്ച ക്ഷീരമേഖല ഉണർവിന്റെ പാതയിലാണ്. പാലുൽപ്പാദനത്തിൽ സംസ്ഥാനം സ്വയംപര്യപ്തതയിലേക്ക് എത്തുകയാണ്. വെറ്ററിനറി സർവ്വകലാശാല ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. സർവ്വകലാശാലയ്ക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. മൾട്ടി ഫെസിലിറ്റേഷൻ സെന്റർ, ഫാം ഉപദേശക കേന്ദ്രം, തെരുവുനായ്ക്കുട്ടികളുടെ വന്ധ്യംകരണത്തിനു ശേഷമുള്ള പുനരധിവാസ കെട്ടിടം, മീറ്റ് ടെക്‌നോളജി യൂണിറ്റിന്റെ നവീന ഉല്പന്നങ്ങളുടെ പ്രദർശനം, ക്ഷീര കർഷകർക്ക് വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും വിതരണം എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. തൃശൂർ, വയനാട്, മലപ്പുറം ജില്ലകളിലെ 36 കർഷകർക്കാണ് വളർത്തുമൃഗങ്ങളെയും പക്ഷികളെയും വിതരണം ചെയ്തത്. സർക്കാർ ചീഫ് വിപ്പ് അഡ്വ. കെ. രാജൻ അധ്യക്ഷനായി. സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം. ആർ. ശശീന്ദ്രനാഥ്, കോർപ്പറേഷൻ കൗൺസിലർ എ.എസ്. രാമദാസൻ, രജിസ്ട്രാർ എൻ. അശോക്, ഡോ. സി.ടി. സത്യൻ, ഡോ. എം.കെ. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.