വന്യജീവി ആക്രമങ്ങള്‍ക്കെതിരെ വനം വകുപ്പ് സ്വീകരിക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് വനാശ്രിത സമൂഹത്തിന്‍റെ സഹകരണവും പങ്കാളിത്തവും അത്യന്താപേക്ഷിതമാണെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു പറഞ്ഞു.

   സംസ്ഥാനത്തെ 204 പഞ്ചായത്തുകളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന ജന ജാഗ്രതാ സമിതികള്‍ രൂപീകരിച്ചിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങളില്‍ സമിതികള്‍ ഫലപ്രദമായി ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കോട്ടയം ജില്ലാ വന അദാലത്ത് എരുമേലി ദേവസ്വം ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ജനജാഗ്രതാ സമിതികള്‍ മൂന്നു മാസത്തിലൊരിക്കല്‍ നിര്‍ബന്ധമായും ചേര്‍ന്ന് പ്രദേശത്തെ പ്രതിരോധ സംവിധാനങ്ങളുടെ സ്ഥിതി വിലയിരുത്തണമെന്നും കൃഷി നാശം, നഷ്ടപരിഹാരം തുടങ്ങിയവ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിച്ച് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

പട്ടയഭൂമിയടക്കമുള്ള പ്രശ്നങ്ങളില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാരിന്‍റേത്. പട്ടയഭൂമിയില്‍ അവരവര്‍ വച്ചു പിടിപ്പിച്ച മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള അവകാശം ഉടമസ്ഥര്‍ക്ക് നല്‍കുന്നതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന്  നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇക്കാര്യത്തില്‍ വനം, റവന്യൂ വകുപ്പുകള്‍  ഉന്നതതല ചര്‍ച്ചകള്‍ നടത്തി അനുകൂല തീരുമാനമെടുത്തിട്ടുണ്ട്.

കൃഷി നാശം സംബന്ധിച്ച പരാതികളില്‍ കൈവശാവകാശക്കാര്‍ക്കും നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് മന്ത്രി  ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മനുഷ്യ – വന്യജീവി സംഘര്‍ഷം തടയുന്നതിനായി എരുമേലി റേഞ്ചില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം രൂപ ചെലവില്‍ 40.81 കിലോമീറ്റര്‍ സൗരോര്‍ജ്ജ വേലി നിര്‍മ്മിച്ചിട്ടുണ്ട്. നഷ്ടപരിഹാരം   നല്‍കുന്നതിന്  ഈ വര്‍ഷം 20 ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നഷ്ടപരിഹാര തുക ഇരട്ടിയാക്കി. കടന്നല്‍, തേനീച്ച തുടങ്ങിയവയുടെ ആക്രമണങ്ങള്‍ക്കിരയാവുന്നവര്‍ക്ക്  നഷ്ടപരിഹാരം നല്‍കുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.  എരുമേലിയിലെ വണ്ടന്‍പതാലില്‍ പുതുതായി നിര്‍മ്മിച്ച ഫോറസ്റ്റ് സ്റ്റേഷന്‍റെയും സ്റ്റാഫ് ബാരക്കിന്‍റെയും ഉദ്ഘാടനം ഉടന്‍ നടത്തും.

കാട്ടുപന്നികളുടെ ശല്യംമൂലം കൃഷി നാശം സംഭവിക്കുന്ന നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ ശല്യം കൂടുന്ന അവസരങ്ങളില്‍ വെടിവെച്ചു കൊല്ലുന്നതിന് ഡി .എഫ്.ഒ മാര്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.  യൂണിഫോം സര്‍വീസിലെ തോക്ക് ഉപയോഗിക്കാന്‍ യോഗ്യത ഉളളവര്‍ക്ക്  നടപടി സ്വീകരിക്കാം. കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമായ സാഹചര്യങ്ങളില്‍ ഉത്തരവ് നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫീല്‍ഡ് സ്റ്റാഫിന് 40 പുതിയ വാഹനങ്ങളും ആയുധങ്ങളും  ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്.

വനത്തിനുളളില്‍ വന്യമൃഗങ്ങള്‍ക്ക് സ്വൈര്യജീവിതം ഉറപ്പു വരുത്തുന്നതിന് സ്ഥലം വിട്ടുനല്‍കാന്‍ സന്നദ്ധരായവരുടെ സ്ഥലം പ്രതിഫലം നല്‍കി ഏറ്റെടുക്കുന്നതിനുള്ള  നടപടികള്‍ ഊര്‍ജ്ജിതമാക്കും.  ഉള്‍ക്കാടുകളില്‍ താമസിക്കുന്ന  സ്വമേധയാ  മാറിപ്പോവാന്‍ ആഗ്രഹിക്കുന്നവരെ  പുനരധിവസിപ്പിക്കും. പുനരധിവാസ തുക 20 ലക്ഷമായി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുള്ള പദ്ധതിക്ക് അംഗീകാരം പ്രതീക്ഷിക്കുന്നു.

ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെട്ട സ്വാഭാവിക വന നിര്‍മാണത്തിനാണ് സര്‍ക്കാര്‍  മുന്‍ഗണന നല്‍കുന്നതെന്നും യൂക്കാലിപ്റ്റസ്, അക്കേഷ്യ, മാഞ്ചിയം തുടങ്ങിയവയുടെ തൈകള്‍ ഉല്‍പാദിപിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

അദാലത്തില്‍ ലഭിച്ച 35 പരാതികളില്‍  35 എണ്ണവും വേദിയില്‍ തീര്‍പ്പാക്കി ഉത്തരവു നല്‍കി. ഇതില്‍ 23 എണ്ണവും അപേക്ഷകര്‍ക്ക് അനുകൂലമായി തീര്‍പ്പാക്കിയപ്പോള്‍ 12 എണ്ണം നിരസിച്ചു. സ്ഥലപരിശോധനയടക്കം നടത്തി നിരസിച്ച കാരണവും അദാലത്തില്‍ പരാതിക്കാരെ ബോധ്യപ്പെടുത്തി.
വിവിധ പരാതികളിലായി 32229 രൂപയുടെ നഷ്ടപരിഹാരവും  കൈമാറി. അദാലത്ത് വേദിയില്‍ ലഭിച്ച 62  പരാതികളിന്‍മേല്‍  ഒരു മാസത്തിനുള്ളില്‍ നടപടി സ്വീകരിച്ച് വിവരം പരാതിക്കാരെ നേരിട്ടറിയിക്കുമെന്ന് മന്ത്രി പറഞ്ഞു

വനം വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികള്‍ക്ക്  പരിഹാരം കാണുന്നതിനായി വകുപ്പുമന്ത്രിയുടെ നേതൃത്വത്തില്‍  എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന  അദാലത്തുകളുടെ ഭാഗമായാണ് ജില്ലയിലും അദാലത്ത് സംഘടിപ്പിച്ചത്. സംസ്ഥാനത്തെ പത്താമത്തെ അദാലത്താണിത്.  തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട തൃശ്ശൂര്‍, പാലക്കാട് കണ്ണൂര്‍, വയനാട്, കോഴിക്കോട്. ഇടുക്കി ജില്ലകളിലാണ് ഇതുവരെ അദാലത്തു നടന്നത്.

ചടങ്ങില്‍ എം എല്‍ എ മാരായ പി.സി. ജോര്‍ജ്, എന്‍. ജയരാജ്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ദേവേന്ദ്ര കുമാര്‍ വര്‍മ്മ, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. എസ്. കൃഷ്ണകുമാര്‍, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി. രാജന്‍, ജില്ലാ പഞ്ചായത്ത് അംഗം മാഗി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ.അബ്ദുള്‍ കരീം, ഗ്രാമ പഞ്ചായത്ത് അംഗം ഇ.കെ. സുബ്രഹ്മണ്യന്‍,  സി.സി.എഫ്. ജോര്‍ജ്ജി പി. മാത്തച്ചന്‍, ഡി.എഫ്.ഒ വൈ. വിജയന്‍,  വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു