സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള ടിക്കറ്റുകൾ ഓൺലൈനിൽ ബുക്കു ചെയ്യാവുന്ന സംവിധാനത്തിന് തുടക്കമായി. ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാനത്തെ 28 ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും തിരുവനന്തപുരം വനശ്രീ ഇക്കോഷോപ്പിലുമാണ് ഓൺലൈൻ സംവിധാനം നടപ്പിലാക്കുകയെന്ന് വനം മന്ത്രി അഡ്വ കെ രാജു അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ 20 ശതമാനം ടിക്കറ്റുകൾ മാത്രമാണ് ആദ്യഘട്ടത്തിൽ ഓൺലൈൻ വഴി നൽകുകയെന്നും തടിയൊഴികെയുള്ള വന ഉൽപന്നങ്ങൾ വനശ്രീ ഇക്കോ ഷോപ്പുകളിലൂടെ ഇന്ത്യയിലെങ്ങും ഒൺലൈനായി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി തയ്യാറാക്കിയ കേരള ഫോറസ്റ്റ് ഇക്കോ ടൂറിസം മൊബൈൽ ആപ്പിന്റെ പ്രകാശനവും പദ്ധതിയുടെ ഉദ്ഘാടനവും ചേമ്പറിൽ മന്ത്രി നിർവഹിച്ചു.
ഒരുമാസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും വനശ്രീ യൂണിറ്റുകളിലും ഓൺലൈൻ സൗകര്യം ലഭ്യമാക്കുമെന്നും സന്ദർശന കേന്ദ്രങ്ങളിൽ നേരിട്ട് ടിക്കറ്റ് നൽകുന്ന സംവിധാനം തുടരുമെന്നും മന്ത്രി അറിയിച്ചു. വനംവകുപ്പിന്റെ ഒദ്യോഗിക വെബ്‌സൈറ്റായ www.forest.kerala.gov.in, ഇക്കോ ടൂറിസം വെബ്‌സൈറ്റായ www.keralaecotoursim.com എന്നിവയിലും ടിക്കറ്റുകൾ ബുക്കു ചെയ്യാനും ഉൽപന്നങ്ങൾ വാങ്ങാനും സാധിക്കും. തൃശ്ശൂർ ജില്ലയിലെ അതിരപ്പള്ളി, വാഴച്ചാൽ, പത്തനംതിട്ട ജില്ലയിലെ ഗവി, അടവി- ഗവി ടൂർ പാക്കേജ്, എറണാകുളം ജില്ലയിലെ മഹാഗണി തോട്ടം, ഭൂതത്താൻകെട്ട്, പനയേലി പോര്, ഇടുക്കി ജില്ലയിലെ കാൽവരി മൗണ്ട്, കൈനഗിരി, ചെല്ലാർ കോവിൽ, കൊല്ലം ജില്ലയിലെ പാലരുവി, കണ്ണൂർ ജില്ലയിലെ പൈതൽമല-പുറത്തൊട്ടി. പൈതൽമല- മഞ്ഞപ്പുല്ല്, അളകാപുരി, ശശിപാറ, കോഴിക്കോട് ജില്ലയിലെ ജാനകിക്കാട്, പെരുവണ്ണാമൂഴി, കക്കയം, വനപർവം, മലപ്പുറം ജില്ലയിലെ കനോലി പ്ലോട്ട്, നെടുങ്കയം,പാലക്കാട് ജില്ലയിലെ ധോണി, മിന്നാംപാറ, അനങ്ങൻമല, തിരുവനന്തപുരം ജില്ലയിലെ നെയ്യാർ,പൊന്മുടി, പേപ്പാറ, വയനാട് ജില്ലയിലെ ചെമ്പ്ര പീക്ക്,സൂചിപ്പാറ, എന്നിവിടങ്ങളിലാണ് നിലവിൽ ഒൺലൈൻ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം വനശ്രീ ഇക്കോ ഷോപ്പ് സംസ്ഥാനത്തെ ആദ്യത്തെ ഓൺലൈൻ ഇക്കോ ഷോപ്പായി മാറി. ചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടറി സത്യജീത് രാജൻ, മുഖ്യവനം മേധാവി പി കെ കേശവൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പത്മാ മൊഹന്തി, ഡിസിഎഫ്‌സി രാജേന്ദ്രൻ, എസിഎഫ് സുനിൽ സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.