ജില്ലാ വനം അദാലത്ത്: നഷ്ടപരിഹാരം നൽകിയത് 16.80 ലക്ഷം രൂപ

വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഉൾക്കാടുകളിൽ താമസിക്കുന്ന പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരെയടക്കം പുരധിവസിപ്പിക്കാൻ നടപടി തുടങ്ങിയതായി വനം-വന്യ ജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു. തൃശൂർ ജില്ലാ വനം അദാലത്ത് ചാലക്കുടി എസ്.എൻ.ജി ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവരുടെ വനാവകാശ നിയമപ്രകാരമുള്ള അവകാശം നിഷേധിച്ചുകൊണ്ടായിരിക്കില്ല ഇത്. സ്വമേധയാ മാറിപ്പോവാൻ ആഗ്രഹിക്കുന്നവരെ മാത്രമാണ് പുനരധിവസിപ്പിക്കുക. പുനരധിവാസ തുക 20 ലക്ഷമായി ഉയർത്താൻ കേന്ദ്രസർക്കാറിന് പദ്ധതി സമർപ്പിച്ചതായും അംഗീകാരം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. വന്യജീവികൾക്ക് ഉൾവനങ്ങളിൽ ജലസ്രോതസ്സ് ഉറപ്പാക്കുന്നതിനും വനാതിർത്തി വേർതിരിച്ച് കൂടുതൽ കാര്യക്ഷമമായ വേലികൾ കെട്ടുന്നതിനും കേന്ദ്രസഹായം ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.
പട്ടയ ഭൂമിയിലെ മരങ്ങളുടെ അവകാശം സംബന്ധിച്ച് പട്ടയത്തിൽ തന്നെ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആ വ്യവസ്ഥകൾക്ക് അനുസരിച്ചേ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രവർത്തിക്കാനാവൂ. എന്നാൽ, പട്ടയം കിട്ടിയ വ്യക്തികൾ പട്ടയഭൂമിയിൽ സ്വന്തമായി നട്ടു വളർത്തിയ ചന്ദനം പോലെയല്ലാത്ത വൃക്ഷങ്ങൾ മുറിക്കുന്നതിനും ഉപയോഗിക്കുന്നതിനും അനുമതി നൽകുന്നതിന് പട്ടയ വ്യവസ്ഥയിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് റവന്യു വകുപ്പുമായി ചേർന്ന് നടപടികൾ ആരംഭിച്ചതായി മന്ത്രി അറിയിച്ചു.
നേരത്തെ ലഭിച്ച 230 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട 105 പരാതികളിൽ 16,86,883 രൂപ നഷ്ടപരിഹാരമായി വേദിയിൽവെച്ചുതന്നെ വിതരണം ചെയ്തു. തീർപ്പാക്കിയ പരാതികളിലുള്ള ഉത്തരവുകൾ അദാലത്തിൽ കൈമാറി. അദാലത്തിൽ ലഭിച്ച 21 പുതിയ പരാതികളിൽ രണ്ടെണ്ണവും പരിഹരിച്ചു. ശേഷിച്ചവ 30 ദിവസത്തിനകം തീർപ്പാക്കും. നേരത്തെ ലഭിച്ച പരാതികളിൽ നാലെണ്ണമാണ് നിരസിച്ചത്. ഇതിൽ മൂന്നെണ്ണം കോടതിയുടെ പരിഗണനയിലുള്ളതും ഒന്ന് പട്ടയ സംബന്ധവുമായിരുന്നു.
വന്യജീവി ആക്രമണം, കൃഷി നാശം, അപകടകരമായ മരങ്ങൾ മുറിക്കൽ, പട്ടയഭൂമിയിലെ മരം മുറിച്ച് ഉപയോഗിക്കൽ തുടങ്ങിയവ സംബസിച്ച പരാതികളാണ് പരിഗണിച്ചത്. സംസ്ഥാനത്തെ നാലാമത്തെ അദാലത്താണിത്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് ഇതിനു മുമ്പ് അദാലത്തുകൾ നടന്നത്.
ചടങ്ങിൽ ബി.ഡി.ദേവസ്സി എംഎൽഎ അധ്യക്ഷത വഹിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഷീജു, ചാലക്കുടി മുനിസിപ്പൽ ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ, മുൻസിപ്പൽ കൗൺസിലർ ഗീത, പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദേവേന്ദ്രകുമാർ വർമ്മ, തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രൻ, ചാലക്കുടി ഡി.എഫ്.ഒ എൻ. മായ, വാഴച്ചാൽ ഡി.എഫ്.ഒ എസ്.വി. വിനോദ്, കക്ഷിനേതാക്കളായ ടി എ ജോണി (സി.പി.ഐ.എം), പി.കെ. വിജയൻ (സി.പി.ഐ), വി ഐ പോൾ (എൻ സി പി), ജോസ് പൈനാടത്ത് (ജെ ഡി (എസ്), പി കെ മാത്യു (കേരള കോൺഗ്രസ് എം), ഷാജു വടക്കൻ (കേരള കോൺഗ്രസ് ജെ) തുടങ്ങിയവർ സംബന്ധിച്ചു.