കൊല്ലം: ജില്ല മാലിന്യമുക്തമാക്കാന്‍ ജില്ലാ ഭരണകൂടം ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളേയും സന്നദ്ധ സംഘടനകളേയും ഏകോപിപ്പിച്ചു ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന ക്യാമ്പയിന് തുടക്കമായി. മാലിന്യ സംസ്‌കരണത്തോടൊപ്പം ശുചിത്വ പാലനത്തിനായി ജനങ്ങളെ ബോധവത്കരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുക. സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലുള്ള മെറ്റീരിയല്‍ കലക്ഷന്‍ സെന്ററുകള്‍, ഷ്രെഡിംഗ് യൂണിറ്റുകള്‍, ഉറവിട സംസ്‌കരണ സംവിധാനം എന്നിവയുടെ പ്രവര്‍ത്തനം വിലയിരുത്തി തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും.
ഹരിതനഗരം പദ്ധതി യാഥാര്‍ത്ഥ്യമായ പശ്ചാത്തലത്തില്‍ ശുചിത്വം ഉറപ്പാക്കുന്നതിനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. മാലിന്യത്തില്‍ നിന്ന് നാടിനെ മോചിപ്പിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗങ്ങളുടേയും പിന്തുണയും അദ്ദേഹം അഭ്യര്‍ഥിച്ചു.
നഗരത്തെ പൂര്‍ണമായും മാലിന്യമുക്തമാക്കുന്നതിനായി തയ്യാറാക്കിയ പ്രത്യേക പദ്ധതി ഓഗസ്റ്റ് ഒന്നിന് പ്രാവര്‍ത്തികമാകും എന്ന് മുഖ്യപ്രഭാഷകനായ മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു പറഞ്ഞു. ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിച്ച് നടപ്പിലാക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ അധ്യക്ഷയായ പ്രസിഡന്റ് സി. രാധാമണി ഉറവിട മാലിന്യ സംസ്‌കരണത്തിന് പ്രത്യേകം പ്രാധാന്യം നല്‍കണമെന്ന് ഓര്‍മിപ്പിച്ചു.
ക്യാമ്പയിന്‍ ആവിഷ്‌കരിച്ച ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ മാലിന്യം വലിച്ചെറിയുന്ന രീതിയില്‍ നിന്ന് സമൂഹം പിന്തിരിയണം എന്ന് അഭ്യര്‍ഥിച്ചു. കുട്ടികളില്‍ തുടങ്ങുന്ന ബോധവത്കരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തിരം പരമാവധിപേരിലേക്കെത്തിക്കുമെന്നും വ്യക്തമാക്കി.
ക്യാമ്പയിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ പ്രത്യേക സമിതിയാണ് വിലയിരുത്തുക. ജില്ലയില്‍ നിന്നുള്ള രണ്ടു മന്ത്രിമാര്‍, എംഎല്‍എമാര്‍, ജില്ലാ കലക്ടര്‍, തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, മറ്റു ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരാണ് സമിതിയില്‍. ആര്‍ രാമചന്ദ്രന്‍ എം എല്‍ എ, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ അധ്യക്ഷ ഷൈല സലിംലാല്‍, പുനലൂര്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുഭാഷ് ജി. നാഥ്, എം നൗഷാദ് എം എല്‍ എയുടെ പ്രതിനിധി കെ പി നന്ദകുമാര്‍, മറ്റു ജനപ്രതിനിധികള്‍, ശുചിത്വമിഷന്‍ കോഓര്‍ഡിനേറ്റര്‍ ജി സുധാകരന്‍, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ യു ആര്‍ ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.