പ്രളയാനന്തര ധനസഹായമായി മൃഗസംരക്ഷണ വകുപ്പ് ജില്ലയിലെ കർഷകർക്ക് നൽകിയത് 3.8 കോടി രൂപ. 4077 കർഷകർക്ക് എസ് ഡി ആർ എഫ് മാനദണ്ഡ പ്രകാരമാണ് ഇത്രയും തുക നൽകിയത്. ഇതിനു പുറമേ ജില്ലാ കളക്ടർ മുഖേന 10 ലക്ഷം രൂപയും ആദ്യ ഘട്ട ധനസഹായമായി വിതരണം ചെയ്തു. 2018-19 കാലയളവിൽ താങ് പലിശ സഹായ പദ്ധതി പ്രകാരം 29 ലക്ഷം രൂപ 695 ഗുണഭോക്താക്കൾക്ക് വിതരണം നടത്തി.

പ്രളയശേഷം 455 പശുക്കളെയാണ് ജില്ലയിലെ ക്ഷീര കർഷകർക്കായി വിതരണം ചെയ്തത്. 2456 കർഷകർക്ക് മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനുമായി പ്രളയ സഹായം കൈമാറി. പ്രളയ ബാധിതരായ കർഷകർക്ക് 398 മെട്രിക് ടൺ കാലിത്തീറ്റയും പക്ഷിത്തീറ്റയും വിതരണം ചെയ്തു. കന്നുകാലികൾ നഷ്ടപ്പെട്ടവർക്ക് കേന്ദ്രാവിഷ്‌കൃത പദ്ധതിയായ നാഷണൽ ലൈവ് സ്റ്റോക്ക് മിഷൻ യാർഡ് ഗോട്ട് ഡവലപ്‌മെന്റ് സ്‌കീം പ്രകാരം 59400 രൂപ സബ്‌സിഡി നിരക്കിൽ നൽകുന്ന പദ്ധതിയും ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. 120 യൂണിറ്റുകളിലായാണ് ഇത് നടപ്പാക്കുന്നത്. പട്ടികജാതി ഗുണഭോക്താക്കൾക്ക് 100 യൂണിറ്റ് ആട് വളർത്തൽ പദ്ധതിയും നടപ്പിലാക്കി വരുന്നുണ്ട്.

ഉജ്ജീവന പദ്ധതി പ്രകാരം ജില്ലയിൽ രണ്ട് കർഷകർക്ക് വായ്പ ലഭ്യമാക്കി. അർഹരായവരെ കണ്ടെത്തി വായ്പ നൽകുന്നതിനുള്ള നടപടികളും ദ്രുതഗതിയിലാണ്. നിലവിൽ 219 അപേക്ഷകളാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഈയിനത്തിൽ പരിഗണിച്ചിട്ടുള്ളത്. മൃഗപരിപാലനവുമായി ബന്ധപ്പെട്ട് ബാങ്കിൽ നിന്നും ലോണെടുത്ത കർഷകർക്ക് പലിശയിനത്തിൽ 5000 രൂപ ഇളവു നൽകുന്ന പദ്ധതിയും പുരോഗതിയിലാണ്. ഇതുമായി ബന്ധപ്പെട്ട് 300 ഗുണഭോക്താക്കൾക്ക് ആകെ 15 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. വകുപ്പിന്റെ മറ്റ് പദ്ധതികളായ ആട് വളർത്തൽ സാറ്റലൈറ്റ് 120 യൂണിറ്റ്, താറാവ് വളർത്തൽ 300 യൂണിറ്റ്, വളക്കുഴി നിർമാണം 140 യൂണിറ്റ്, സ്‌കൂൾ പൗൾട്രി ക്ലബ് 100 യൂണിറ്റ്, കോഴിയും കൂടും പദ്ധതി 80 യൂണിറ്റ്, കറവയന്ത്രം പദ്ധതി 17 യൂണിറ്റ്, പന്നി വളർത്തൽ 10 യൂണിറ്റ്, ആട് വളർത്തൽ നേഴ്‌സറി 10 യൂണിറ്റ് എന്നിങ്ങനെ നടപ്പാക്കിവരികയാണ്.

പ്രളയ ശേഷം സ്‌കൂൾ പൗൾട്രി ക്ലബുകൾ മുഖേന ജില്ലയിലെ 100 സ്‌കൂളുകളിൽ 500 കുട്ടികൾക്ക് 50 കോഴിക്കുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു. 25000 കോഴിക്കുഞ്ഞുങ്ങളെയാണ് ഇത്തരത്തിൽ വിതരണം ചെയ്തത്. 33 ലക്ഷം രൂപയുടെ 3300 ചാക്ക് കാലിത്തീറ്റ, 11900 കിലോ വൈക്കോൽ എന്നിവയും പ്രളയബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്തു. പശു, എരുമ എന്നിവയ്ക്ക് പ്രളയത്തെ തുടർന്ന് 20 ദിവസം 3.76 കിലോ വീതം കാലിത്തീറ്റയും ആടിന് 1.88 കിലോ വീതം കാലിത്തീറ്റയും നൽകി.

ജില്ലയിൽ വൻതോതിൽ നാശനഷ്ടമുണ്ടായത് ചാലക്കുടി മേഖലയിലാണ്. 1573 പശുക്കൾ, 10 എരുമ, പോത്ത്, 185 കന്നുകുട്ടികൾ, 203 പശു കിടാരികൾ, 651 ആടുകൾ, 854 പന്നികൾ, 253642 വളർത്തു പക്ഷികൾ, 1204 കാലിത്തൊഴുത്ത് എന്നിവയ്ക്കാണ് നാശനഷ്ടമുണ്ടായിട്ടുള്ളത്. വെള്ളപ്പൊക്കം ബാധിച്ച മേഖലകളിൽ മൃഗസംരക്ഷണ വകുപ്പ് ഡോക്ടർമാർ, പാരവെറ്റിനറി ജീവനക്കാർ, ജില്ലാ തല ഓഫീസർമാർ എന്നിവരെ നിയോഗിച്ചാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയത്. അഴുകിയ മൃഗങ്ങളെ യഥാസമയം മറവ് ചെയ്ത് മേഖലയെ രോഗമുക്തമാക്കാനും സാധിച്ചു.

പ്രളയബാധിത മേഖലകളിലെ 10 ക്യാംപുകളുടെ പ്രവർത്തനങ്ങൾക്കായി 20000 രൂപയാണ് നീക്കിവെച്ചത്. ക്യാംപുകളിൽ മരുന്നിനു പുറമേ ധാതുലവണ മിശ്രിതവും പുല്ല്, വൈക്കോൽ, മറ്റ് അവശ്യ സാമഗ്രികൾ എന്നിവയും വിതരണം നടത്താൻ സാധിച്ചു. നാഷണൽ എഗ്ഗ് കോർഡിനേഷൻ കമ്മിറ്റി മുഖേന ലഭിച്ച ഒരു ലക്ഷം കോഴിമുട്ടകൾ ദുരിത ബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്യാനുമായി.