മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്‍റെ വഴികളില്‍ മാത്രം സഞ്ചരിച്ച ആദര്‍ശധീരനായ കമ്മ്യൂണിസ്റ്റായിരുന്നു ഐ.വി.ശശാങ്കനെന്ന് വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു അനുശോചന സന്ദേശത്തില്‍ പറഞ്ഞു.  മരണം വരെ കര്‍മ്മനിരതനായിരുന്ന അദ്ദേഹം കിസാന്‍സഭാ നേതാവെന്ന നിലയില്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി എക്കാലവും പരിശ്രമിച്ചു വന്നിരുന്നു.  നാളീകേര കര്‍ഷകരെ ദേശീയതലത്തില്‍ തന്നെ സംഘടിപ്പിക്കാനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും അദ്ദേഹം മുന്‍നിരയില്‍ നിന്ന് പരിശ്രമിച്ചു.  സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ പോലും സൂക്ഷ്മതലത്തില്‍ പഠിക്കുന്ന അദ്ദേഹത്തിന്‍റെ ശൈലി പുതുതലമുറയ്ക്ക് മാതൃകയാണ്.  ചെറുപ്രായത്തില്‍ തന്നെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായ അദ്ദേഹം മലബാര്‍ മേഖലയില്‍ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചത്.