കൊച്ചി: ക്ഷീരമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി ദേശീയ തലത്തില്‍ അംഗീകാരം നേടിയ കേരളത്തിന്റെ ക്ഷീരവികസന വകുപ്പ് മന്ത്രി കെ രാജുവിന് കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജീവനക്കാരും സ്വീകരണം നല്‍കി. ആലുവ പ്രിയദര്‍ശിനി ടൗണ്‍ ഹാളില്‍ നടന്ന സ്വീകരണ സമ്മേളനം അന്‍വര്‍ സാദത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഇന്ത്യാ ടുഡെയുടെയും നാഷണല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡിന്റെയും നേതൃത്വത്തില്‍ നടന്ന സര്‍വെയിലാണ് കേരളം ഒന്നാമതെത്തിയത്. കേരളത്തില്‍ നടപ്പിലാക്കിയ ക്ഷീരവികസന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് സംസ്ഥാനത്തിന് അംഗീകാരം ലഭിച്ചത്. 21 സംസ്ഥാനങ്ങളാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇന്ത്യയില്‍ കര്‍ഷകന് ഏറ്റവും കൂടുതല്‍ പാല്‍ വില നല്‍കുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും 17 ശതമാനം പാലിന്റെ ഉല്പാദന വര്‍ധനവുണ്ടായി. ത്രിതല പഞ്ചായത്തുകള്‍ വഴി മികച്ച പ്രവര്‍ത്തനമാണ് ക്ഷീരമേഖലയില്‍ സര്‍ക്കാര്‍ കൈകൊണ്ടത്.  കര്‍ഷകരുടെ ക്ഷേമ പെന്‍ഷനുകള്‍ 500 രൂപയില്‍ നിന്നും 1100 രൂപയായി വര്‍ധിപ്പിച്ചു. ക്ഷീരഗ്രാമം പദ്ധതിക്കായി ഒരു കോടി രൂപയാണ് പഞ്ചായത്തു തലത്തില്‍ നല്‍കിയത്. ഇതു വഴി 300 പുതിയ പശുക്കളാണ് പഞ്ചായത്തുകളില്‍ എത്തിയത്. കന്നുകാലിക്കു മാത്രമല്ല കര്‍ഷകനും കുടുംബത്തിനും പരിരക്ഷ നല്‍കുന്ന ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തി. കിടാരികളെ സംരക്ഷിക്കുന്നതിനായി കിടാരി പാര്‍ക്ക് യൂണിറ്റും സര്‍ക്കാര്‍ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. മില്‍മ ചെയര്‍മാന്‍ പി.ടി.ഗോപാലക്കുപ്പ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേഷ്, മലബാര്‍ യൂണിയന്‍ ചെയര്‍മാന്‍ എം.സുരേന്ദ്രന്‍ നായര്‍, ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി ജോസഫ്, ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ജോസ് ജേക്കബ്, ആലുവ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം എന്നിവര്‍ സംബന്ധിച്ചു.