പുനലൂര്‍ കേന്ദ്രമാക്കി രൂപീകരിച്ച പുതിയ റവന്യൂ ഡിവിഷന്റെ ആസ്ഥാന മന്ദിരം പൊതുമരാമത്ത് കെട്ടിട സമുച്ചയത്തില്‍ സമയബന്ധിതമായി സജ്ജീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു അറിയിച്ചു. സൗകര്യങ്ങള്‍ വിലയിരുത്താനായി പുനലൂരില്‍ എത്തിയതായിരുന്നു മന്ത്രി. അച്ചന്‍കോവില്‍, റോസ്മല തുടങ്ങിയ മേഖലകളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ സേവനം വേഗത്തില്‍ ലഭ്യമാക്കാന്‍ പുതിയ റവന്യൂ ഡിവിഷന്‍ രൂപീകരണം സഹായകമാകുമെന്ന് മന്ത്രി വ്യക്തമാക്കി. പത്തനാപുരം, കൊട്ടാരക്കര, പുനലൂര്‍ താലൂക്കുകളിലുള്ളവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. പട്ടികജാതിക്കാരും ആദിവാസികളും അധിവസിക്കുന്ന മേഖലയിലെ ഭൂപ്രശ്‌നങ്ങളുടെ പരിഹാര നടപടികള്‍ വേഗത്തിലാക്കാനും കഴിയും. പൊതുമരാമത്ത് കെട്ടിട സമുച്ചയത്തിന്റെ പകുതിയോളം റവന്യൂ ഡിവിഷന്‍ ഓഫീസിനായി നീക്കിവയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. വയോജനങ്ങളുടെ സൗകര്യാര്‍ത്ഥം ആര്‍.ഡി.ഒ ഓഫീസ് താഴത്തെ നിലയില്‍ വേണമെന്ന ആവശ്യവും പരിഗണിക്കും. ഓഫീസ് ക്രമീകരണങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രി കെ. രാജു ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന് നിര്‍ദേശം നല്‍കി. ആര്‍.ഡി.ഒ ഓഫീസ് കഴിവതും വേഗം സജ്ജമാക്കുമെന്ന് കലക്ടര്‍ അറിയിച്ചു. പ്രവര്‍ത്തന പുരോഗതി അറിയിക്കണമെന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദേ്യാഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. പുനലൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.എ. രാജഗോപാല്‍, തഹസില്‍ദാര്‍ ജയന്‍ എം. ചെറിയാന്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സിയാദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.