കേരളത്തിന് മികച്ച പാലുല്‍പ്പാദക സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം
ദേശീയതലത്തില്‍ മികച്ച പാലുല്‍പ്പാദക സംസ്ഥാനമെന്ന ബഹുമതി കേരള സംസ്ഥാന ക്ഷീരവികസന വകുപ്പിന് ലഭിച്ചു. ഇന്ത്യ ടുഡേ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ ബെസ്റ്റ് സ്റ്റേറ്റ് ഇന്‍ മില്‍ക്ക് പ്രൊഡക്ടിവിറ്റി അവാര്‍ഡാണ് സംസ്ഥാനത്തിന് ലഭിച്ചത്. സ്വയംപര്യാപ്ത ക്ഷിരകേരളമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഒട്ടേറെ വികസന പദ്ധതികള്‍ സംസ്ഥാന ക്ഷീരവികസന വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നും കറവ പശുക്കളെ വാങ്ങി വിതരണം ചെയ്യുന്ന മില്‍ക്ക് ഷെഡ് വികസന പദ്ധതികളായ ക്ഷീരഗ്രാമം, ഡയറിസോണ് എന്നിവയും തീറ്റപ്പുല്ലിന്റെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള പുല്‍കൃഷി വികസന പദ്ധതി, ക്ഷീരസഹകരണ സംഘങ്ങളില്‍ പാല് അളക്കുന്ന കര്‍ഷകര്‍ക്ക് നല്കുന്ന കാറ്റില്ഫീഡിംഗ് സബ്സിഡി, സംഘങ്ങളുടെ ശാക്തീകരണത്തിനായി നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ എന്നിവയും സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കി വരികയാണ്. കൂടാതെ ത്രിതല പഞ്ചായത്തുകളുടെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാലിത്തീറ്റ സബ്സിഡി ,കര്‍ഷകര്‍ നല്കുന്ന പാലിന് ഇന്‍സെന്റീവ് ഉള്‍പ്പെടെ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെയെല്ലാം ഭാഗമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശരാശരി ഇരുപത് ശതമാനം ഉല്‍പ്പാദന വര്‍ദ്ധനവാണ് സംസ്ഥാനം നേടിയത്. ഗുണമേډയുള്ള പാല് സംസ്ഥാനത്ത് ലഭ്യമാക്കുന്നതിനായി പാലക്കാട് ജില്ലയിലെ മീനാക്ഷിപുരത്തും കൊല്ലം ജില്ലയിലെ ആര്യങ്കാവിലും പാല് പരിശോധനാ ചെക്ക്പോസ്റ്റുകള്‍ ഇതിനോടകം തന്നെ സ്ഥാപിച്ചിട്ടുണ്ട്. മൂന്നാമത്തെ ചെക്ക്പോസ്റ്റ് പാറശ്ശാലയില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. പാലുല്‍പ്പാദനത്തില്‍ കേരളം സ്വയംപര്യാപ്തത കൈവരിക്കുന്നതിനോട് അടുക്കുമ്പോഴാണ് വകുപ്പിന് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഈ മാസം 23 ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര കൃഷി വകുപ്പ് മന്ത്രി രാധേമോഹന്സിങ്ങില് നിന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു അവാര്‍ഡ് ഏറ്റുവാങ്ങും.