സംസ്ഥാനത്ത് പുതുതായി 10 ഫോറസ്റ്റ് സ്റ്റേഷനുകള്‍ ഉടന്‍ ആരംഭിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു അറിയിച്ചു.  സ്റ്റേഷനുകളുടെ നടത്തിപ്പിനായി 99 പുതിയ തസ്തികകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. പുനലൂര്‍ ഡിവിഷനിലെ പുന്നല, ഏഴംകുളം, തെډല ഡിവിഷനിലെ കടമണ്‍പാറ, അച്ചന്‍കോവില്‍ ഡിവിഷനിലെ കുംഭാവുരുട്ടി, കോഴിക്കോട് ഡിവിഷനിലെ കക്കയം, പെരുവണ്ണാമൂഴി, വയനാട് സൗത്ത് ഡിവിഷനിലെ പുല്‍പ്പള്ളി, വൈത്തിരി, മുണ്ടേക്കൈ, ആറളം വൈല്‍ഡ് ലൈഫ് ഡിവിഷനിലെ നരിക്കടവ് എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷനുകള്‍ ആരംഭിക്കുക. ഈ സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തിനായി പത്ത് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍മാരുടെയും , 40 സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരുടെയും 29 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെയും പത്ത് വീതം ഡ്രൈവര്‍മാര്‍, പാര്‍ടൈം സ്വീപ്പര്‍മാര്‍ എന്നിവരുടെയും തസ്തികകള്‍ സൃഷ്ടിക്കും.  സംസ്ഥാനത്ത് ഇരുപത്തിയഞ്ച് പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു.  അവയില്‍ പത്തെണ്ണമാണ് ഇപ്പോള്‍ ആരംഭിക്കുന്നത്.  സ്റ്റേഷനുകളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നത് വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നും മന്ത്രി പറഞ്ഞു.