കേരളത്തിൽ സ്ഥിരീകരിക്കപ്പെട്ട നിപ വൈറസ് ബാധയിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പുമന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. എന്നാൽ കർഷകരുൾപ്പെടെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ മുൻകരുതലുകളും മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. മൃഗങ്ങളെ രോഗം ബാധിക്കാറുണ്ടെങ്കിലും വളർത്തുമൃഗങ്ങളിൽ ഈ രോഗം വന്നതായി നമ്മുടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗലക്ഷണങ്ങൾ സംശയിക്കപ്പെടുന്ന മൃഗങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് പ്രാഥമിക പരിശോധന സംസ്ഥാനതല ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്നതിനും, ആവശ്യമെങ്കിൽ സ്ഥിരീകരണത്തിനായി ഭോപ്പാലിലെ ഹൈസെക്യൂരിറ്റി ലാബിലേക്ക് അയയ്ക്കുന്നതിനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ സംശയ ദൂരീകരണത്തിനായി മൃഗസംരക്ഷണ വകുപ്പ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട് ( 0471-2732151). ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ഏകോപനത്തിൽ ഒരു വിദഗ്ധ സംഘം സ്ഥലത്ത് ക്യാമ്പു ചെയ്ത് ആവശ്യമായ

സേവനങ്ങൾ നൽകും. കേരള വെറ്ററിനറി സർവ്വകലാശാലയിലെ വിദഗ്ധരുടെ സംഘത്തെ രോഗാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വളർത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുന്ന കർഷകരിൽ ആശങ്ക വേണ്ടതില്ലെന്നും, എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.