ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട‌് ഓഫ‌് മെഡിക്കൽ സയൻസസിൽ ശസ‌്ത്രക്രിയകൾക്ക‌് ഇനി കുറഞ്ഞ ചെലവിൽ ജൈവ വാൽവ‌് ലഭ്യമാക്കും, ഇതിനായി ശ്രീചിത്രയിലെ ശാസ‌്ത്രജ്ഞർ ജൈവ ഹൃദയവാൽവ‌് നിർമാണ പരീക്ഷണത്തിനൊരുങ്ങുന്നു. മൃഗങ്ങളുടെ ശരീരാവയവങ്ങളിൽനിന്ന‌് കോശേതരപദാർഥങ്ങൾ ഉപയോഗിച്ചാണ‌്  ജൈവ വാൽവ‌് നിർമിക്കുക. ഇതിനായി ഇൻസ്റ്റിറ്റ്യൂട്ടും മീറ്റ‌് പ്രൊഡക്ട‌് ഓഫ‌് ഇന്ത്യയും കരാർ ഒപ്പിട്ടു. ഇത്തരം വാൽവുകൾ ഇപ്പോൾ വിദേശരാഷ്ട്രങ്ങളിൽനിന്ന‌് ഇറക്കുമതി ചെയ്യുകയാണ‌്. ഇതിന‌് പകരം  തദ്ദേശീയമായി വികസിപ്പിച്ച‌് കുറഞ്ഞ ചെലവിൽ കൂടുതൽ ഗുണമേന്മയുള്ള ഹൃദയവാൽവുകൾ നിർമിച്ച‌് രോഗികളിൽ ഫലപ്രദമായി ഘടിപ്പിക്കാനാണ‌് ഇൻസ്റ്റിറ്റ്യൂട്ട‌് ലക്ഷ്യമിടുന്നത‌്.
കൃത്രിമവാൽവിന‌് പകരം ജൈവ വാൽവ‌് പരീക്ഷണം വിദേശ രാഷ്ട്രങ്ങളിൽ വിജയകരമായി നടത്തിവരികയാണ‌്.  കേരളത്തിലും ഇങ്ങനെ വാൽവുകൾ ഇറക്കുമതിചെയ‌്ത‌് ഉപയോഗിക്കുന്നുണ്ട‌്. ആസ‌്ട്രേലിയ, ബ്രസീൽ, ന്യൂസിലൻഡ‌് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ‌് ഇപ്പോൾ വാൽവ‌് ഇറക്കുമതിചെയ്യുന്നത‌്.  ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലും നിരവധി ശസ‌്ത്രക്രിയകളിൽ  ഇവ ഉപയോഗിച്ച‌ിട്ടുണ്ട‌്. സ്വന്തമായി ജൈവ വാൽവ‌് നിർമിക്കാനുള്ള പദ്ധതി ചർച്ചയിൽ വന്നുവെങ്കിലും ഇപ്പോഴാണ‌് അന്തിമതീരുമാനമാകുന്നത‌്.
ശസ‌്ത്രക്രിയക്ക‌് ശേഷം മരുന്നിന്റെ ഉപയോഗം ഒഴിവാക്കാൻ കഴിയുമെന്നതാണ‌് ജൈവ വാൽവിന്റെ പ്രത്യേകത. കൃത്രിമ വാൽവ‌് ഘടിപ്പിച്ചാൽ ജീവിതകാലം മുഴുവൻ മരുന്ന‌് കഴിക്കണം. എന്നാൽ, ജൈവ വാൽവ‌് ഘടിപ്പിച്ചശേഷം ശസ‌്ത്രക്രിയാമുറിവുകൾ ഉണങ്ങുന്ന കാലയളവിലുള്ള മരുന്നുകൾമാത്രം മതിയാകും. എന്നാൽ, ജൈവ വാൽവിന്റെ കാലയളവ‌് 5 മുതൽ 15 വർഷംവരെ മാത്രമാണ‌്.  കൃത്രിമ വാൽവിന്റേതാകട്ടെ ജീവിതകാലം മുഴുവനും. അതുകൊണ്ടുതന്നെ ജൈവ വാൽവ‌് 50 വയസ്സിന‌് മുകളിലുള്ളവരിൽമാത്രമാ‌ണ‌് ഘടിപ്പിക്കുന്നത‌്.
ഇത്തരം കാര്യങ്ങൾ കൂടി ഇൻസ്റ്റിറ്റ്യൂട്ട‌് പഠനവിധേയമാക്കും. തുടർച്ചയായി അഞ്ചുവർഷത്തെ പരീക്ഷണങ്ങൾക്ക‌് ശേഷമേ ഇവ മനുഷ്യരിൽ ഉപയോഗിക്കൂ. കേരളത്തിൽ ഗുണമേന്മയേറിയ മൃഗകോശം കിട്ടുമെന്നത‌് കണക്കിലെടുത്താണ‌് മീറ്റ‌് പ്രോഡക്ട‌് ഓഫ‌് ഇന്ത്യയുമായി കരാർ ഉണ്ടാക്കുന്നത‌്. ഇൻസ്റ്റിറ്റ്യൂട്ടിന‌് ആവശ്യമായ മൃഗകോശം മീറ്റ‌് പ്രോഡക്ട‌് ഓഫ‌് ഇന്ത്യ നൽകും