മൃഗസംരക്ഷണവകുപ്പിന്‍റെ കീഴില്‍ പാലോട് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്‍റ് വെറ്ററിനറി ബയോളജിക്കല്‍സ് എന്‍ററോടോക്സീമിയ എന്ന മാരക രോഗത്തില്‍ നിന്നും കോലാടുകളേയും ചെമ്മരിയാടുകളേയും സംരക്ഷിക്കുന്നതിന് പ്രാപ്തമായ ടോക്സോയിഡ് വിഭാഗത്തില്‍പ്പെടുന്ന വാക്സിന്‍ ഈ സ്ഥാപനം ഉത്പാദിപ്പിച്ചിരിക്കുന്നു. കേന്ദ്ര ഗവണ്‍മെന്‍റ് സ്ഥാപനമായ ഉത്തര്‍പ്രദേശിലെ ഇസത്ത് നഗറിലുളള ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സാങ്കേതിക സഹകരണത്തോടെയാണ് ഇത് സാക്ഷാത്ക്കരിച്ചത്. ഈ വാക്സിന്‍റെ വിതരണോദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു 2018 ഏപ്രില്‍ 19-ന് കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ ഹാള്‍, പേരൂര്‍ക്കടയില്‍ വച്ച് നിര്‍വ്വഹിച്ചു.

ശ്രീ. മുരളീധരന്‍ എം. എല്‍. എ യുടെ അദ്ധ്യക്ഷതയില്‍ നടന്ന പ്രസ്തുത ചടങ്ങില്‍  വാക്സിന്‍ നിര്‍മ്മാണത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞരേയും മറ്റ് ഉദ്യോഗസ്ഥരേയും, പാലോട് ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസില്‍ മനോഹരമായ മുയല്‍ ശില്പം തീര്‍ത്ത പ്രശസ്ത ശില്പി ശ്രീ. ആര്യനാട് രാജേന്ദ്രനെയും ആദരിച്ചു.  ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ലോഗോ പ്രകാശനം തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍ നിര്‍വഹിച്ചു. വാക്സിന്‍റെ ലഘുലേഖ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ശ്രീമതി. കെ.എസ്. ലാലിയ്ക്ക് കൈമാറി. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ബാബു. എസ്. വാക്സിനെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തി.  മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍. ശശി ചടങ്ങില്‍ സ്വാഗതവും ഡോ. ജയചന്ദ്രകമ്മത്ത് കൃതജ്ഞതയും അര്‍പ്പിച്ചു.